ഗാസയിൽ വെടിവയ്പ്: 31 പേർ കൊല്ലപ്പെട്ടു
Monday 02 June 2025 6:49 AM IST
ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫയിൽ സഹായ വിതരണ കേന്ദ്രത്തിന് മുന്നിലുണ്ടായ വെടിവയ്പിൽ 31 പാലസ്തീനികൾ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ, ഇസ്രയേൽ ടാങ്കുകൾ സഹായ വിതരണം സ്വീകരിക്കാനെത്തിയവർക്ക് നേരെ വെടിവച്ചെന്നാണ് ആരോപണം. തിക്കും തിരക്കും ബഹളവും നിയന്ത്രണാതീതമായതോടെയാണ് വെടിവയ്പുണ്ടായതെന്നും പറയുന്നു. എന്നാൽ, വിതരണ കേന്ദ്രത്തിലോ അതിന് സമീപമോ ഉണ്ടായിരുന്ന സാധാരണക്കാർക്ക് നേരെ തങ്ങൾ വെടിവച്ചിട്ടില്ലെന്നാണ് ഇസ്രയേൽ പറയുന്നത്. ആരോപണത്തെ ശരിവച്ച് യു.എസ് പിന്തുണയുള്ള സഹായ സംഘടനയും രംഗത്തെത്തി. അതേ സമയം, മദ്ധ്യ ഗാസയിലെ നെത്‌സാരിം കോറിഡോറിലും സഹായ വിതരണ കേന്ദ്രത്തിലെത്തിയവർക്ക് നേരെ വെടിവയ്പുണ്ടായി. 14 പേർക്ക് പരിക്കേറ്റതായി പാലസ്തീനിയൻ റെഡ് ക്രെസന്റ് അറിയിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 54,410 കടന്നു.