തേനീച്ച പേടിയിൽ വാഷിംഗ്ടൺ പുറത്തുചാടിയത് 1.4 കോടി തേനീച്ചകൾ
Monday 02 June 2025 6:49 AM IST
വാഷിംഗ്ടൺ: യു.എസിലെ വാഷിംഗ്ടൺ ഇപ്പോൾ ജാഗ്രതയിലാണ്. എപ്പോൾ വേണമെങ്കിലും തേനീച്ച കുത്താം. കഴിഞ്ഞ ദിവസം
ട്രക്ക് മറിഞ്ഞതിനെ തുടർന്നാണ് നാട് തേനീച്ച പേടിയിലായത്. ഒന്നും രണ്ടുമല്ല, പുറത്തുചാടിയത് ലക്ഷക്കണക്കിന് തേനീച്ചകളാണ്. വെള്ളിയാഴ്ച കനേഡിയൻ അതിർത്തിക്ക് സമീപത്തെ റോഡിലായിരുന്നു സംഭവം. 31,750 കിലോഗ്രാം ഭാരം വരുന്ന തേനീച്ചക്കൂടുകളുമായി വന്ന ട്രക്കാണ് മറിഞ്ഞത്. അപകടത്തിന് പിന്നാലെ ഏകദേശം 1.4 കോടി തേനീച്ചകൾ പുറത്തുചാടിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തേനീച്ചകളെ കൂടുകളിലേക്ക് തിരിച്ചെത്തിക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ ശ്രമം തുടരുകയാണ്. അപകട മേഖലയിൽ ആളുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തേനീച്ചകളുണ്ടെന്ന് തോന്നിയാൽ അകലം പാലിക്കണമെന്നും വിവരം അറിയിക്കണമെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകി.