കുവൈറ്റിൽ തീപിടിത്തം: 6 മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും. കുവൈറ്റ് സിറ്റിയിൽ നിന്ന് 10 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറായുള്ള അൽ - റിഗ്ഗായ് മേഖലയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. രണ്ട് അപ്പാർട്ട്മെന്റുകൾ പൂർണമായും നശിച്ചു. തീയിൽ നിന്ന് രക്ഷനേടാൻ പലരും കെട്ടിടത്തിന്റെ മുകൾ നിലകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ കെട്ടിടത്തിൽ നിന്ന് ചാടിയവരാണ്. മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഏഷ്യൻ, ആഫ്രിക്കൻ വംശജരാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരുന്നില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.