വിദ്വേഷ പരാമർശത്തിൽ അറസ്റ്ര് --- ശർമിഷ്‌ഠയെ പിന്തുണച്ച് ഡച്ച് നേതാവ്

Monday 02 June 2025 6:49 AM IST

ആംസ്റ്റർഡാം: സമൂഹ മാദ്ധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയതിന് അറസ്റ്റിലായ നിയമ വിദ്യാർത്ഥിനി ശർമിഷ്ഠ പനോളിയ്ക്ക് പിന്തുണയുമായി നെതർലൻഡ്സിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഹീർട്ട് വിൽഡേഴ്സ്. 'ധീരയായ ശർമിഷ്ഠയെ മോചിപ്പിക്കൂ. അവരെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ കളങ്കമാണ്. പാകിസ്ഥാനെതിരെ സത്യം തുറന്നുപറഞ്ഞതിൽ അവരെ ശിക്ഷിക്കരുത് " വിൽഡേഴ്സ് എക്സിൽ കുറിച്ചു. ശർമിഷ്ഠയെ സഹായിക്കണമെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിൽഡേഴ്സ് പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

തീവ്രവലതുപക്ഷമായ പാർട്ടി ഫോർ ഫ്രീഡമിന്റെ നേതാവായ വിൽഡേഴ്സ് 2002 മുതൽ ഡച്ച് പാർലമെന്റ് അംഗമാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയിൽ ശർമിഷ്ഠ പ്രത്യേക മതവിഭാഗത്തെ പറ്റി വിവാദ പരാമർശം നടത്തിയിരുന്നു. വീഡിയോ നീക്കി മാപ്പ് പറഞ്ഞെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ ശർമിഷ്ഠയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശർമിഷ്ഠ 13 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരും.