വീട്ടുകാർ ആശുപത്രിയിലായ സമയം വീട് കുത്തിത്തുറന്ന് മോഷണം, 31 പവൻ സ്വർണവും പണവും കവർന്നു

Monday 02 June 2025 8:26 AM IST

കടുത്തുരുത്തി: വീട്ടുകാർ ആശുപത്രിയിലായ സമയം വീട് കുത്തിത്തുറന്ന് മോഷണം. 31 പവൻ സ്വർണവും പണവും കവർന്നു. കടുത്തുരുത്തി മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ എൻ.കെ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകൾ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച കോട്ടയം തെള്ളകത്തെ ആശുപത്രിയിലായിരുന്നു ജോയിയും ഭാര്യ ലിസിയും. ഈ സമയമാണ് മോഷണം. 31 പവൻ സ്വർണാഭരങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്.

വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടുതുറന്ന മോഷ്‌ടാക്കൾ കട്ടിലിലെ കിടക്കയ്‌ക്കടിയിൽ വച്ചിരുന്ന താക്കോലുകൾ കണ്ടെത്തി. ഇതുപയോഗിച്ച് അഞ്ച് മേശകളും അലമാരകളും തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ജോയി ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കുറുപ്പന്തറ-കല്ലറ റോഡിൽ മാൻവെട്ടം പെട്രോൾപമ്പിനോട് ചേർന്നാണ് വീട്. സ്ഥലത്തെത്തിച്ച പൊലീസ് നായ കുറുപ്പന്തറ ഭാഗത്തേക്ക് ഓടിയശേഷം മാൻവെട്ടം കുരിശുപള്ളിയുടെ മുന്നിലെത്തി നിന്നു.

സമീപസ്ഥല‌ങ്ങളിൽ നിന്നും പൊലീസിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് മോഷ്‌ടാക്കളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ നിർദ്ദേശമനുസരിച്ച് ഡിവൈ.എസ്.പി കെ.ജി അനീഷിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

ബന്ധുവിന്റെ വിവാഹത്തിന് ധരിക്കാൻ ബാങ്ക് ലോക്കറിൽ നിന്നെടുത്തുവച്ച ആഭരണങ്ങൾ ഇന്ന് തിരികെ വയ്‌ക്കാനിരിക്കെയാണ് മോഷ്‌ടിക്കപ്പെട്ടത്. സ്വർണാഭരണങ്ങൾക്കൊപ്പം മുക്കുപണ്ടവും ഉണ്ടായിരുന്നെങ്കിലും ഇതുപേക്ഷിച്ചാണ് മോഷ്‌ടാക്കൾ സ്വർണം മാത്രം കൊണ്ടുപോയത്.