നിലമ്പൂരിൽ ജനം വഞ്ചകരെ തോൽപ്പിക്കും, നടക്കുന്നത് ശക്തമായ മത്സരമെന്ന് പി വി അൻവർ

Monday 02 June 2025 8:52 AM IST

മലപ്പുറം: നിലമ്പൂരിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് സൂചിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. താൻ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇരുമുന്നണികളെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. ഭൂരിപക്ഷം ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇരുമുന്നണികളിലെയും വോട്ടർമാർ തനിക്കൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. വഞ്ചകൻ എന്ന മുഖ്യമന്ത്രിയുടെ വിളിക്ക് കൃത്യമായി മറുപടി നൽകും. ജനം വഞ്ചകരെ തോൽപ്പിക്കും. ഇത്തവണ മത്സരം ജനങ്ങൾക്ക് ഗുണമാകുമെന്നും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെ അൻവർ അഭിപ്രായപ്പെട്ടു.

ഒരു ഭാഗത്ത് പിണറായിയും വി ഡി സതീശനും മറുവശത്ത് ജനങ്ങളും നിൽക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അൻവർ പറഞ്ഞു. വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ നേരത്തെ പ്രസ്‌താവിച്ചിരുന്നു.

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അൻവർ വഞ്ചിച്ചതിന്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി ആശങ്കപ്പെടുന്നില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ഫേസ്ബുക്കിലൂടെയാണ് അൻവർ മറുപടി നൽകിയത്. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അദ്ദേഹം കുറിച്ചു.