യുവാവിനെ തായ്‌ലൻഡിൽ കൊണ്ടുപോയത് 21കാരി; അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്ത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം സ്വദേശികളായ ഷഹീദ് (23), ഷഹാന(21) എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു,
ബംഗളൂരുവിൽ പഠിക്കുകയാണെന്നാണ് ഷഹീദും ഷഹാനയും ഉദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. ഇവർ ഭക്ഷണപ്പൊതികളിലാണ് 10.06 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ബാങ്കോക്കിൽ നിന്ന് സിങ്കപ്പൂർ വഴിയുള്ള സ്‌കൂട്ട് എയർലൈൻസിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് പ്രതികൾ എത്തിയത്. ബംഗളൂരുവിലെ പബ്ബിൽ വച്ചാണ് രണ്ടുപേരും പരിചയപ്പെട്ടതെന്നും സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്‌ലാൻഡിൽ കൊണ്ടുപോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതി മുമ്പും ഇതുപോലെ യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യം കൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് വൻവിലയാണ്.