'ന്യായമായ എന്ത് ആവശ്യം ഉന്നയിച്ചാലും പരിഗണിക്കണം, അൻവർ അടഞ്ഞ അദ്ധ്യായമല്ല'; യുഡിഎഫിനെ വിമർശിച്ച് ലീഗ് എംഎൽഎ
മലപ്പുറം: പിവി അൻവറിനെ കൂടെ നിർത്തി പ്രവർത്തിക്കാനാണ് മുസ്‌ലീം ലീഗ് ആഗ്രഹിച്ചിരുന്നതെന്ന് വളളിക്കുന്ന് എംഎൽഎ പി അബ്‌ദുൽ ഹമീദ്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനാവശ്യ വാശി കാണിച്ചെന്ന് ലീഗ് വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അബ്‌ദുൽ ഹമീദ് യുഡിഎഫിനെ പരസ്യമായി തളളിപ്പറഞ്ഞത്. യുഡിഎഫിന്റെ രാഷ്ട്രീയം തന്നെയാണ് അൻവറിന്റേതെന്നും നിലമ്പൂരിൽ ജയിക്കേണ്ടത് ലീഗിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും എംഎൽഎ വ്യക്തമാക്കി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിലാണ് വിമർശനം.
'അൻവറിനെ കൂടെ നിര്‍ത്തി പ്രവർത്തിക്കണമെന്നാണ് ലീഗ് ആഗ്രഹിച്ചത്. അതിനായി ശ്രമിച്ചു. അൻവർ ഇപ്പോഴും അടഞ്ഞ അദ്ധ്യായമല്ല. നാമനിർദ്ദേശപത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. യുഡിഎഫ് നേതൃത്വം പുതിയ സാഹചര്യം മനസിലാക്കി അതിന് മുൻകൈയെടുക്കണം. ലീഗിന് കൂടുതൽ സ്വാധീനമുളള ജില്ലയാണ് മലപ്പുറം. അൻവർ രാജികൊടുത്ത ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പിന് തയ്യാറായ പാർട്ടിയാണ് ലീഗ്.
അൻവറിനെ ഒപ്പം കൂട്ടാൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരുപാട് സമയം ചെലവഴിച്ചു. ഈ തിരഞ്ഞെടുപ്പിന് കളമൊരുക്കിയതു തന്നെ അൻവറാണ്. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധമുഖത്തുണ്ട്. അന്‍വര്‍ ന്യായമായ എന്ത് ആവശ്യമുന്നയിച്ചാലും പരിഗണിക്കണം. അൻവറിനെ അനുനയിപ്പിക്കാൻ സതീശന്‍ ശ്രമിച്ചില്ല. അനാവശ്യ വാശിയാണ് ഇക്കാര്യത്തിൽ സതീശൻ കാണിച്ചത്'- അബ്‌ദുൽ ഹമീദ് വ്യക്തമാക്കി.