ഇഷ്‌ടമാണെന്ന് കരുതി ഈ പഴങ്ങളും കായ്‌കളും കഴിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിച്ചോളൂ, ജീവൻ അപകടത്തിലാക്കേണ്ട

Monday 02 June 2025 12:39 PM IST

ആരോഗ്യം മെച്ചപ്പെടാനും രോഗങ്ങൾ വരാതിരിക്കാനും പഴങ്ങളും കായ്‌കളും വളരെ നല്ലതാണെന്ന് നാം കേട്ടിട്ടുണ്ട്. വിറ്റാമിനുകളും നാരുകളും മറ്റും രോഗങ്ങളെ അകറ്റുകയും ആരോഗ്യം നൽകുകയും ചെയ്യുമെന്നാണ് അറിവ്. എന്നാൽ ചില പഴങ്ങളും കായകളും കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പ്രത്യേകിച്ച് ഇവയിൽചിലത് കുട്ടികളോ മുതിർന്നവരോ കഴിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ വേണ്ടവയും ഇക്കൂട്ടത്തിലുണ്ട്. അവ ഏതെല്ലാമെന്നും എന്താണ് കാരണമെന്നും പരിശോധിക്കാം. മിക്കവയും പാകമായവ അല്ല പച്ചയ്‌ക്കോ ഏറെ മൂത്തശേഷമോ കഴിക്കുന്നതാണ് പലപ്പോഴും അപകടം. ഇങ്ങനെയുള്ളവ കഴിക്കുന്നത് വിഷാംശമേൽക്കാനോ, ത്വക്ക് പ്രശ്‌നങ്ങളോ ചിലവയെങ്കിലും മരണത്തിനോ ഇടയാക്കും.

ലിച്ചി പഴം

അകാലവാർദ്ധക്യം തടയുകയും കൊളോജൻ ഉൽപാദനം കൂട്ടി ത്വക്കിന്റെ ഇലാസ്‌തികത വർദ്ധിപ്പിക്കുകയും എല്ലാം ചെയ്യുന്നതാണ് ലിച്ചി പഴം. കലോറി വളരെ കുറവായതിനാൽ വ്യായാമശേഷം കഴിക്കുന്നത് കുടവയർ കുറയാൻ സഹായിക്കും എന്നെല്ലാം നാം പലപ്പോഴും ലിച്ചിയെ കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ മസ്‌തിഷ്‌ക ജ്വരം വന്ന് കുട്ടികൾ മരിക്കാൻ കാരണം ലിച്ചി പഴമാണെന്ന് ആരോപണം ഉയ‌ർന്നത് കുറച്ചുനാൾ മുൻപാണ്. ഇതിന് തെളിവൊന്നും ലഭിച്ചില്ലെങ്കിലും ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലുണ്ടായി. നേരാം വണ്ണം പഴുക്കാത്തതും വാടിവീണതുമായ പഴങ്ങൾ പോഷകാംശ‌കുറവുള്ള കുട്ടികൾ കഴിച്ചാൽ അവരിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുകയും അത് പനിയോ മസ്‌തിഷ്‌ക പ്രശ്നമോ,​ മരണം തന്നെയോ സംഭവിക്കാൻ ഇടയാക്കുമെന്നാണ് സൂചന.

അക്കി പഴം

കരീബിയൻ ദ്വീപ് രാഷ്ട്രമായ ജമൈക്കയിലെ ദേശീയ ഫലമാണ് അക്കി. ഏതാണ്ട് നമ്മുടെ പറങ്കിമാങ്ങയുടെ സാമ്യം തോന്നുന്ന തരം പഴങ്ങളാണിവ. പാകമാകുമ്പോൾ മഞ്ഞനിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമുള്ള ഇവ 10 മീറ്റർ വരെ ഉയരമുള്ള മരത്തിലാണ് വളരുന്നത്. കുട്ടികൾ ഇവ നന്നായി പഴുത്തശേഷമേ കഴിക്കാവൂ. നന്നായി പാകം ചെയ്‌തും ഇവ കഴിക്കുന്നതും നല്ലതാണ് അല്ലാത്തപക്ഷം ഹൈപ്പോഗ്ളൈസിൻ എന്ന ടോക്‌സിൻ ഈ പഴത്തിലുണ്ട്. ഇവ രക്തസമ്മർദ്ദം താഴാനും ഛർദ്ദി, മനംപുരട്ടൽ മുതൽ മരണത്തിന് വരെ കാരണമാകും.

ചതുരപുളി

നക്ഷത്രത്തിന്റെ ആകൃതിയുള്ള പഴുത്താൽ കാഴ്‌ചയിൽ മനോഹരമായ ഒന്നാണ് ചതുരപുളി അഥവാ സ്റ്റാർ ഫ്രൂട്ട്. കാരംബോക്‌സിൻ, ഓക്‌സാലിക് ആസിഡ് തുടങ്ങിയ വിഷപദാർത്ഥങ്ങൾ നേരെ പഴുക്കാത്ത ചതുരപുളിയിൽ ഉണ്ടാകാം. ഇവ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും മരണകാരണമാകുകയും ചെയ്യാനിടയുണ്ട്.

സ്റ്റോൺഫ്രൂട്ട്

തേങ്ങ,​ മാമ്പഴം,​ ചെറി എന്നിവയുടെ വിഭാഗത്തിൽ പെടുന്ന വളരെ മാംസളമായ പഴമാണ് സ്റ്റോൺ ഫ്രൂട്ടും. എന്നാൽ ഇവയുടെ കുരുക്കൾ പൊട്ടാതെ വിഴുങ്ങുന്നത് കുഴപ്പമല്ലെങ്കിലും അവ ചവച്ചാൽ വിഷബാധയേൽക്കാം. കുട്ടികൾക്ക് വളരെ ചെറിയ അളവിൽ ഇവ ഉള്ളിൽ ചെല്ലുന്നത് വിഷബാധക്ക് കാരണമാകും.

തൊലി കളയാത്ത കശുവണ്ടി പരിപ്പ്

കൊറിക്കാനും രുചിയോടെ കഴിക്കാനും വറുത്തും മുളകോ മസാലയോ എല്ലാം പുരട്ടിയും നാം ഉപയോഗിക്കുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. കശുമാവിന്റെ വിത്തായ ഇത് പച്ചയ്‌ക്ക് തിന്നുന്നത് എന്നാൽ അപകടമാണ്. ഉറൂസിയോൾ എന്ന വിഷപദാർത്ഥം ഇതിലുണ്ട്. ഇവ ത്വക്‌രോഗങ്ങളും മറ്റ് മാരകമായ പ്രശ്‌നങ്ങൾക്കും കാരണമാകും.സംസ്‌കരിച്ച കശുവണ്ടി പരിപ്പാണ് കഴിക്കാൻ നല്ലത്.

ഉരുളക്കിഴങ്ങ്

നമ്മൾ സാധാരണ ചപ്പാത്തി, പൂരി, ബോണ്ട തുടങ്ങി നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ നിരന്തരം ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിനും ചെറിയ ചിലപ്രശ്‌നങ്ങളുണ്ട്. ഇവ പച്ച നിറമായിത്തുടങ്ങിയാലോ, എന്തെങ്കിലും കാരണവശാൽ വാടിത്തുടങ്ങിയാലോ അവ കഴിക്കുന്നത് ഒഴിവാക്കണം. സൊലാനെയ്‌ൻ എന്ന വിഷവസ്‌തു അവയിൽ ഉണ്ടായിത്തുടങ്ങിയതിനാലാണിത്. ഇവ ഭക്ഷിച്ചാൽ ഛർദ്ദി, തലകറക്കം, മാന്ദ്യം എന്നിവ തോന്നാൻ ഇടയുണ്ട്.