അക്ഷരമുറ്റത്ത് ചിരിച്ചും ചിണുങ്ങിയും
കോട്ടയം : കുളിച്ചൊരുങ്ങി ബാഗുമണിഞ്ഞ് നേരത്തെ എത്തിയെല്ലാവരും. ബലൂണും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്‌കൂൾ മുറ്റം ആദ്യമായി കണ്ടപ്പോൾ അവരുടെയെല്ലാം മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. അകത്തേക്ക് കയറിയപ്പോൾ മധുരം നൽകി സ്വീകരിച്ച് അദ്ധ്യാപകരും. മഴ മേഘങ്ങളൊഴിഞ്ഞ അന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് ചിരിച്ചും ചിണുങ്ങിയുമാണ് കുരുന്നുകളെത്തിയത്. അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി അറിവിന്റെ ആദ്യപാഠത്തിലേക്ക് പിച്ച വച്ച കുരുന്നുകൾക്ക് പ്രവേശനോത്സവ മധുരം. പൂമ്പാറ്റയുടെയും മയിലിന്റെയും തത്തയുടെയും വേഷമണിഞ്ഞ് വിദ്യാലയാങ്കണത്തിൽ ഉല്ലസിച്ച ചേട്ടന്മാരും ചേച്ചിമാരും കുരുന്നുകളെ രസിപ്പിച്ചു. ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് സ്‌കൂളുകളിൽ ഏർപ്പെടുത്തിയിരുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും വന്യമൃഗങ്ങളുടെയും ചിത്രങ്ങളുമായാണ് ക്ലാസ് മുറികൾ നവാഗതരെ വരവേറ്റത്. നീണ്ടൂർ എസ്.കെ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. കളക്ടർ ജോൺ വി. സാമുവൽ, നവാഗതരെ സ്വാഗതം ചെയ്തു. സാഹിത്യകാരനും പൂർവവിദ്യാർഥിയുമായ എസ്. ഹരീഷ് സ്‌കൂളിന്റെ കൈയെഴുത്തു മാഗസിൻ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസരംഗത്ത് കേരളം ഏറെ മുന്നിൽ : മന്ത്രി
വിദ്യാഭ്യാസ രംഗത്ത് പശ്ചാത്തല - അക്കാദമിക സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഏറെ മുന്നേറ്റമുണ്ടാക്കിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശാസ്ത്രസാങ്കേതിക വിഷയങ്ങളും നിർമ്മിത ബുദ്ധിയും അടക്കം ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിച്ച് കുട്ടികളുടെ സമഗ്ര പുരോഗതിക്കാവശ്യമായ രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി. സിലബസിലും അദ്ധ്യയന രീതിയിലും സമൂലമായ മാറ്റങ്ങളുണ്ടായി. ലഹരിക്കെതിരായ പോരാട്ടത്തിലും ശുചിത്വ, ട്രാഫിക് അവബോധമുണ്ടാക്കുന്നതിനുമെല്ലാം ഉതകുന്ന രീതിയിലാണ് ഇത്തവണ സ്‌കൂൾ പഠനത്തിന് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.