മാനം തെളിഞ്ഞിട്ടും വെള്ളം ഇറങ്ങുന്നില്ല
കോട്ടയം : മഴ മാറി മാനം തെളിഞ്ഞു. പക്ഷേ, പടിഞ്ഞാറൻ മേഖലയിൽ ആശങ്കയുടെ കാർമേഘം ഒഴിയുന്നില്ല. കുതിച്ചെത്തിയ വെള്ളം ഇറങ്ങിപ്പോകാനുള്ള കാത്തിരിപ്പിലാണ് പലരും. എന്നാലും ദുരിതം തീരില്ല. വീട് വൃത്തിയാക്കലാണ് ശ്രമകരമായ ജോലി. മാലിന്യവും ചെളിയും അടിഞ്ഞുകൂടിയ നിലയിലാണ്. ഇഴജന്തുക്കളുടെയടക്കം ഭീഷണി വേറെയും. കൊടൂരാറിൽ ജലനിരപ്പ് താഴ്‌ന്നെങ്കിലും ആറിന്റെ പരിസരത്തുള്ള പുതുപ്പള്ളിയിലും, കോടിമതയിലും കാരാപ്പുഴയിലുമൊന്നും വെള്ളം ഇറങ്ങിയില്ല. മീനച്ചിലാറിന്റെ കൈവഴിയിൽ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. താഴത്തങ്ങാടി, ഇല്ലിക്കൽ, തിരുവാർപ്പ് തുടങ്ങിയ മേഖലകളിലുള്ളവരാണ് മഴ ദുരിതം പേറിയത്. പുതുപ്പള്ളിയിലെ കൊട്ടാരം കടവിലും, ഇരവിനല്ലൂരും, പാറക്കൽ കടവിലുമെല്ലാം വീട്ടുമുറ്റത്ത് അരയാൾ പൊക്കത്തിൽ വെള്ളമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി പള്ളിയുടെ കവാടത്തിൽ വെള്ളക്കെട്ടാണ്. പുതുപ്പള്ളി പനച്ചിക്കാട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന അമ്പാട്ടുകടവിൽ വെള്ളം ഇറങ്ങാത്തതിനാൽ വാഹനഗതാഗതം തടസപ്പെട്ടു. പാറക്കൽ കടവ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകാതെ
എം.സി റോഡിൽ കോടിമത മുതൽ മണിപ്പുഴ വരെ റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടാണ്. വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗത്ത് വെള്ളക്കെട്ടായതിനാൽ ഇവ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുന്നില്ല. പനച്ചിക്കാട് പഞ്ചായത്തിലും പലയിടത്തും വെള്ളക്കെട്ടാണ് അഞ്ചാം വാർഡിലെ പാച്ചിറ വിവേകാനന്ദ സ്‌കൂൾ റോഡിലെ വെള്ളക്കെട്ട് മൂലം യാത്ര തടസപ്പെട്ടു. വിജയപുരത്തും, കുമരകം, അയ്മനം മേഖലകളിലും വെള്ളക്കെട്ടുണ്ട്.
57 ക്യാമ്പുകൾ, 717 കുടുംബങ്ങൾ ജില്ലയിൽ 57 ദുരിതാശ്വാസ ക്യാമ്പുകളിൽ 717 കുടുംബങ്ങളാണ് കഴിയുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത് 41. ചങ്ങനാശേരി : 12, വൈക്കം : 4. 2095 പേരാണ് ക്യാമ്പുകളിലുള്ളത്. 849 സ്ത്രീകളും 910 പുരുഷന്മാരും 336 കുട്ടികളുമുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.