പി വി അൻവറിന് 34 കോടി രൂപയുടെ ആസ്തി, 20 കോടിയുടെ ബാദ്ധ്യത, കൈയിലുള്ളത് 25000 രൂപ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എം.എൽ.എയുമായ പി,വി.അൻവറിന്റെ ആസ്തി വിവരങ്ങൾ പുറത്ത്. നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അൻവറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാദ്ധ്യതയും അൻവറിനുണ്ട്.
കൈവശം 25000 രൂപയാണുള്ളതെന്ന് അൻവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്റെ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അൻവറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021ൽ മത്സരിച്ചപ്പോൾ 18.57 കോടി രൂപയായിരുന്നു അൻവറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയാണ് ബാദ്ധ്യതയായി ഉണ്ടായിരുന്നത്.
സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് എൽഡിഎഫിനോടും സിപിഎമ്മിനോടും ഏറെ അകന്ന അൻവർ യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതോടെ യുഡിഎഫുമായും അകന്നു.തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പതിനായിരത്തിൽ കുറയാത്ത വോട്ടുപിടിച്ച് ശക്തിതെളിയിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് പ്രവേശനം എളുപ്പമാക്കുകയാണ് അൻവറിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.