ചിരിച്ചും ചിണുങ്ങിയും
ആറ്റിങ്ങൽ: മഴമാറി നിന്ന പ്രഭാതത്തിൽ ഉത്സവാന്തരീക്ഷത്തിൽ ചിരിച്ചും ചിണുങ്ങിയും നവാഗതർക്കൊപ്പം ആയിരങ്ങൾ പ്രവേശനോത്സവം ആഘോഷിച്ചു. സ്കൂളുകളും പരിസരങ്ങളും കുരുത്തോല കൊണ്ടും വർണക്കടലാസുകളും കൊണ്ട് കമനീയമായി അലങ്കരിച്ചും, വാദ്യമേളത്തിന്റെ ശബ്ദ ഭംഗിയിലും, തെയ്യവും, കഥകളിയും മുത്തുക്കുടകളും ഉത്സവാന്തരീക്ഷത്തിന് മാറ്റ് കൂട്ടി. മധുരവും പായസവും വർണത്തൊപ്പികളും സമ്മാനപ്പൊതികളും പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. മുദാക്കൽ പഞ്ചായത്തുതല പ്രവേശനോത്സവം ഇളമ്പ ഗവ.എൽ.പി.എസിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു. അയിലം ഗവ.ഹൈസ്കൂളിൽ അദ്ധ്യാപകനും നാടൻപാട്ട് കലാകാരനുമായ അനിൽ അക്ഷരദീപം തെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ അമൃതമോഡൽ സ്കൂളിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.