ജില്ലാതല പ്രവേശനോത്സവം: കുഞ്ഞു ചിരിയുമായി റയാനെത്തി

Tuesday 03 June 2025 2:29 AM IST

ആറ്റിങ്ങൽ: എല്ലുപൊടിയുന്ന അപൂർവരോഗം ബാധിച്ച റയാൻ ജില്ലാതല പ്രവേശനോത്സവത്തിൽ താരമായി. ഒരിക്കൽ കണ്ടവർ മുഹമ്മദ് റയാന്റെ തെളിച്ചമുള്ള കുഞ്ഞുചിരി ഒരിക്കലും മറക്കില്ല. ജീവിത ദുരിതങ്ങളെ കാൽച്ചുവട്ടിലാക്കിയാണ് റയാൻ ആറ്റിങ്ങൽ കവലയൂർ സ്‌കൂളിലെ ജില്ലാതല പ്രവേശനോത്സവത്തിനെത്തിയത്. ബലൂണുകളും സമ്മാനപ്പൊതികളുമായി കൂട്ടുകാർ അവനരികിൽ ഓടിനടന്നു. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം ബാധിച്ച റയാൻ കവലയൂർ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 65ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. പ്രവേശന ഉദ്ഘാടനത്തിന് ശേഷം മന്ത്രി ജി.ആർ.അനിൽ സദസിലെത്തി റയാന് ഉപഹാരം നൽകി. അദ്ധ്യാപകരും കൂട്ടുകാരും നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും റയാൻ നന്ദി പറഞ്ഞു. ജില്ലാതല പ്രവേശനോത്സവത്തിന് പ്രത്യേകം ക്ഷണിക്കപ്പെട്ടാണ് മുഹമ്മദ് റയാൻ ഉമ്മയ്ക്കും സഹോദരി രഹ്നയ്ക്കുമൊപ്പം എത്തിയത്. കവലയൂർ കുളമുട്ടം ബീന-റാഫി ദമ്പതികളുടെ മകനാണ് റയാൻ. ഇതേ സ്കൂളിൽ തന്നെ പ്ലസ്ടു കൊമേഴ്സിന് ചേർന്നിരിക്കുകയാണിപ്പോൾ. ഫുട്ബാളിനെ സ്നേഹിക്കുന്ന റയാന് ഒരു ഫുട്ബാൾ കമന്റേറ്റർ ആകണമെന്നാണ് ആഗ്രഹം.