കണ്ണൂർ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ല

Monday 02 June 2025 9:38 PM IST

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ. 2021 ആഗസ്റ്റിൽ ആരംഭിച്ച അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി 2025 മേയ് 22നാണ് ലക്ഷ്യത്തിലെത്തിയത്. ഇതിന്റെ ആദ്യഘട്ടമായി ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത അർഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തി ആവശ്യാനുസരണം മൈക്രോപ്ലാൻ തയ്യാറാക്കുകയായിരുന്നു.പിന്നീട് 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി. ഉപജീവനമാർഗം ആവശ്യമുളള 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ മുഖേനെ തൊഴിൽ ലഭ്യമാക്കി. 967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ടോയ്ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെളളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും ഇതിന്റെ ഭാഗമായി ലഭ്യമാക്കി.സംസ്ഥാനത്താദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലോക്ക്പഞ്ചായത്ത്, ധർമ്മടം നിയമസഭാ നിയോജക മണ്ഡലം എന്നിവയും കണ്ണൂർ ജില്ലയിലാണ്.