മംഗളൂരുവിലെ കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ്
മംഗളുരു: കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് കെ.കെ.ഷാഹുൽ ഹമീദ്, മുൻ മംഗളുരു മേയർ കെ.അഷ്‌റഫിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. അബ്ദുൽ റഹ്മാൻ കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുമെന്ന് ഇവർ നടത്തിയ പ്രഖ്യാപനം ദേശീയ തലത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതായി നോട്ടീസിൽ ഡി.സി.സി ജനറൽ സെക്രട്ടറി വികാസ് ഷെട്ടി ചൂണ്ടികാണിച്ചു. സമുദായ അംഗങ്ങളോട് മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.അഷ്‌റഫ് അവഹേളിച്ചതായും നോട്ടീസിൽ പറയുന്നു. ദക്ഷിണ കർണ്ണാടകയിലെ വിഷയങ്ങൾ പരിഹരിക്കുന്നതിനും മുസ്ലിം സമൂഹത്തിന്റെ ആശങ്കകൾ ഇല്ലാതാക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിയും പാർട്ടി നേതാക്കളും ചർച്ച നടത്തിയത് അറിഞ്ഞിട്ടും പരസ്യമായ നിലപാട് എടുത്തത് പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു.