ജയറാമും കാളിദാസും വീണ്ടും ഒരുമിക്കുന്നു
ജയറാമും മകൻ കാളിദാസും വീണ്ടും ഒരുമിക്കുന്നു. ഒരു നവാഗത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് രചന. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. കഴിഞ്ഞവർഷം റിലീസ് ചെയ്ത അബ്രഹാം ഓസ്ലറിന് ശേഷം ജയറാം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ്. ഈ വർഷം രണ്ട് സർപ്രൈസ് ചിത്രങ്ങളിൽ അഭിനയിക്കുമെന്നും ഉടൻ തന്നെ അതിന്റെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അടുത്തിടെ ജയറാം വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ പോലെ സിനിമയിലും ജയറാമിന്റെ അഭിനയിച്ചാണ് കാളിദാസും വെള്ളിത്തിരയിൽ എത്തുന്നത്. 2000ത്തിൽ ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലാണ് കാളിദാസ് ആദ്യമായി അഭിനയിച്ചത്. 2003ൽ സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിലും ജയറാമിന്റെ മകന്റെ വേഷമാണ് കാളിദാസ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു. ഇരു ചിത്രങ്ങളിലേയും അഭിനയം കണ്ട് പ്രേക്ഷകർ കാളിദാസ് നായകനായി സിനിമയിൽ എത്തുമെന്ന് ഉറപ്പിച്ചിരുന്നു. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലാണ് കാളിദാസ് നായകനാകുന്നത്. കാളിദാസ് നായകനായശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മിസ്റ്റർ & മിസ് റൗഡി, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഹാപ്പി സർദാർ തുടങ്ങിയ ചിത്രങ്ങളിലും നായകനായി. അതേസമയം ബ്ളോക് ബഡ്റ്റായ 2018 ന്ശേഷം ജൂഡ് ആന്തണി ജോസഫ് സിനിമ സംവിധാനം ചെയ്തിട്ടില്ല. ജൂഡിന്റെ അടുത്ത സിനിമയെക്കുറിച്ച് അറിയാൻ ആകാംക്ഷയിലാണ് പ്രേക്ഷകർ. ജൂഡിന്റെ തിരക്കഥയിൽ മറ്റൊരാൾ സംവിധാനം ചെയ്യുന്നതും ആദ്യമായാണ്.