മുക്കുപണ്ടം തട്ടിപ്പിനെത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിൽ, മറ്റേയാൾ രക്ഷപെട്ടു
കാട്ടാക്കട: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ എത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിലായി.ഒപ്പം ഉണ്ടായിരുന്ന സ്ത്രീ രക്ഷപെട്ടു. അരുവിക്കര വെമ്പന്നൂർ വികാസ് നഗർ അജിതാഭവനിൽ നിന്നു വട്ടിയൂർക്കാവ്,മൂന്നാമ്മൂട് പാറവിള പുത്തൻവീട്ടിൽ താമസിക്കുന്ന അജിത(42)ആണ് പിടിയിലായത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനായി പൊലീസ് കസ്റ്റഡിയിൽ എടുത്ത സ്‌കൂട്ടറിന്റെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിവരുന്നു. കാട്ടാക്കടയിൽ പൂവച്ചൽ കൊണ്ണിയൂർ ആതിര ഫൈനാൻസിൽ വളയുമായി അജിതയും മറ്റൊരു സ്ത്രീയുമായി എത്തി.അജിത വളയുമായി അകത്തേക്ക് കയറുകയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീ സ്കൂട്ടറിൽ തന്നെ ഇരിക്കുകയും ചെയ്തു. ഫിനാൻസിൽ വള കൊടുത്തിട്ട് 40,000 രൂപ മകളുടെ വിവാഹത്തിനെന്നു പറഞ്ഞ് അജിത ആവശ്യപ്പെട്ടു. ഫിനാൻസ് ജീവനക്കാരൻ ആധാർ കാർഡ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നുപറഞ്ഞ് ഇവർ കൂടെയുണ്ടായിരുന്ന സ്ത്രീയോട് ആധാർ കാർഡ് ചോദിക്കാനായി പുറത്തേക്ക് ഇറങ്ങി.ഈ സമയം സ്കൂട്ടറിൽ ഇരുന്നിരുന്ന സ്ത്രീ സ്കൂട്ടർ ഉപേക്ഷിച്ച് അതിവേഗം സ്ഥലത്ത് നിന്നു കടന്നു. ഫിനാൻസ് സ്ഥാപന ഉടമ ഇവരെ പിന്തുടർന്നു, നാട്ടുകാർ ഓടിക്കൂടി സ്ഥാപനത്തിൽ നിന്ന അജിതയെ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. ഓടി രക്ഷപെട്ട സ്ത്രീയെ കണ്ടെത്താനായില്ല. കാട്ടാക്കട എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി അജിതയെ കസ്റ്റഡിയിൽ എടുത്തു, ഉടമയുടെ പരാതിയിൽ കേസെടുത്തു . പ്രതിയെ കോടതി റിമാൻഡു ചെയ്തു.