കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസ് പ്രതിപക്ഷത്ത് തന്നെയോ ?
ഭരണപക്ഷവും പ്രതിപക്ഷവുമില്ലാത്ത ഭരണസംവിധാനമാണ് 1993ൽ രാജ്യത്ത് നിലവിൽ വന്ന പഞ്ചായത്ത് -നഗരപാലിക നിയമം വിഭാവനം ചെയ്യുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും കക്ഷി രാഷ്ട്രീയത്തിന്റെ പിടിയിലമർന്ന് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെക്കാൾ വീറും വാശിയും പുലർത്തുന്ന രാഷ്ട്രീയ അതിപ്രസരത്തിന്റെ പിടിയിലാണ്. അതത് പ്രദേശത്തെ ജനങ്ങൾക്കും നാടിനും അനുയോജ്യമായ വികസനം സാദ്ധ്യമാക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതല. പഞ്ചായത്തിലോ നഗരസഭയിലോ പ്രധാന പരിഗണനാ വിഷയമായി വരേണ്ടത് അതത് പ്രദേശത്തിന്റെ വികസനം തന്നെയാണ്. എന്നാൽ ഭരണ- പ്രതിപക്ഷങ്ങൾക്കിടയിലെ കടുത്ത രാഷ്ട്രീയ ചേരി തിരിവ് പലപ്പോഴും വികസനവുമായി ബന്ധപ്പെട്ട ചർച്ചകളെത്തന്നെ അലങ്കോലമാക്കുന്ന കാഴ്ച പല തദ്ദേശ ഭരണ സമിതികളിലും അരങ്ങേറുന്നു. ശക്തമായ പ്രതിപക്ഷം ഇല്ലാത്തിടത്ത് ഭരിക്കുന്നവർ തന്നിഷ്ടക്കാരായി മാറി തങ്ങൾക്കിഷ്ടപ്പെട്ടതും തങ്ങളുടെ ആൾക്കാർക്ക് പ്രയോജനം ചെയ്യുന്നതുമായ പ്രവൃത്തികൾ മാത്രം ചെയ്യുന്ന ഏകപക്ഷീയമായ രീതിയാണ് ഏറെ അപകടകരം. കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ ഏതാണ്ട് ഇതേ അവസ്ഥയിലാണ് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി പ്രവർത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ കോർപ്പറേഷനിൽ ഒരു ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2000 മുതൽ എൽ.ഡി.എഫ്
മുനിസിപ്പൽ നഗരമായിരുന്ന കൊല്ലം, കോർപ്പറേഷൻ നഗരമായി മാറിയത് 2000 ലാണ്. ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇടതു മുന്നണി ആധിപത്യം നിലനിർത്തുകയായിരുന്നു. 2000 ലെ ആദ്യതിരഞ്ഞെടുപ്പിൽ 50 ഡിവിഷനുകളുണ്ടായിരുന്നു. അന്ന് 24 സീറ്റ് വീതമാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചത്. രണ്ടുപേർ കോൺഗ്രസ് റിബലുകളായി മത്സരിച്ചു ജയിച്ചവരായിരുന്നു. അവരെ ഒപ്പം നിർത്തിയെങ്കിൽ കോർപ്പറേഷന്റെ ആദ്യഭരണം യു.ഡി.എഫിന് ലഭിക്കുമായിരുന്നു. സി.പി.എമ്മാകട്ടെ റിബലുകളായി ജയിച്ച കോൺഗ്രസുകാരെ കൂടെക്കൂട്ടി ഭരണം പിടിച്ചു. കോൺഗ്രസ് അന്ന് കാണിച്ച നിസംഗതക്കും ബുദ്ധിയില്ലായ്മക്കുമുള്ള വിലയാണ് കാൽനൂറ്റാണ്ട് തികയുമ്പോഴും നൽകിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നടന്ന ഓരോ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ഗ്രാഫ് താഴേക്ക് പോയപ്പോൾ വ്യക്തമായ രാഷ്ട്രീയ ചുവടുവയ്പുകളോടെയും ചിട്ടയായ പ്രവർത്തനത്തോടെയും സി.പി.എം സീറ്റുകൾ വർദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോൾ 55 അംഗ കൗൺസിലിൽ കോൺഗ്രസിന് വെറും 6 സീറ്റുകൾ മാത്രമാണുള്ളത്. യു.ഡി.എഫ് ഘടകകക്ഷികളുടേത് കൂടി ചേർത്താൽ 10 സീറ്റുകൾ. കോൺഗ്രസിനുള്ള അത്രയും സീറ്റുകൾ ഇപ്പോൾ ബി.ജെ.പിക്ക് ഉണ്ട് എന്ന് പറഞ്ഞാൽ കോൺഗ്രസിന്റെ തകർച്ചയിൽ വളരുന്നത് ബി.ജെ.പി യാണെന്ന് ചുരുക്കം. 29 അംഗങ്ങളുള്ള സി.പി.എമ്മിന് വേണമെങ്കിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. സി.പി.ഐക്ക് 10 അംഗങ്ങളുണ്ട്.
കൊല്ലം പഴയ കൊല്ലം തന്നെ
കോർപ്പറേഷൻ നഗരമായി മാറിയ കൊല്ലത്ത്, കാൽനൂറ്റാണ്ട് കാലത്തെ ഇടതു മുന്നണി ഭരണത്തിൽ കാര്യമായ എന്ത് വികസനമാണുണ്ടായതെന്ന ചോദ്യം അടുത്ത തിരഞ്ഞെടുപ്പ് പടിവാതുക്കലെത്തി നിൽക്കുമ്പോൾ സ്വാഭാവികമായും ഉയരാം. കോർപ്പറേഷൻ നഗരത്തിനു വേണ്ടതായ ഒരടിസ്ഥാന സൗകര്യവും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മാലിന്യ സംസ്ക്കരണത്തിന് ഇതുവരെ വ്യക്തമായൊരു പദ്ധതി ഇല്ലാത്തതാണ് ഏറ്റവും പ്രധാനം. നഗരത്തിലെ സ്വകാര്യ ബസുകൾക്കായി ഒരു ബസ് സ്റ്റാൻഡില്ലാത്ത കേരളത്തിലെ ഏകനഗരം കൊല്ലമാണ്. ജില്ലയിലെ പരവൂർ, പുനലൂർ നഗരസഭകളിൽ പോലുമുണ്ട് സ്വകാര്യബസ് സ്റ്റാന്റ്. നഗരത്തിലെ പല സ്ഥലങ്ങളും ബസ് സ്റ്റാൻഡിനായി കാലാകാലങ്ങളിൽ നഗരസഭ പദ്ധതികൾ രൂപീകരിക്കുമെങ്കിലും അതെല്ലാം കടലാസിൽ ഒതുങ്ങുകയാണ്. മാലിന്യ സംസ്ക്കരണ പ്ളാന്റിന്റെ കാര്യവും ഇതുതന്നെ. മുനിസിപ്പാലിറ്റിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അറവ്ശാല പോലും പൂട്ടിക്കെട്ടിയതോടെ കന്നുകാലികളെ എവിടെ വേണമെങ്കിലും കശാപ്പ് ചെയ്യാം. മാലിന്യ സംസ്ക്കരണ പദ്ധതിയില്ലാത്തതിനാൽ കശാപ്പു ചെയ്യുന്ന അറവ് മാലിന്യങ്ങൾ പ്രധാന റോഡുകളുടെ ഓരത്ത് പോലും ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. എൻ. പദ്മലോചനൻ കൊല്ലം മേയറായിരുന്നപ്പോൾ വിഭാവനം ചെയ്ത കപ്പലണ്ടി മുക്ക് മുതൽ തോപ്പിൽ കടവ് വരെ നീളുന്ന നാലുവരിപ്പാത ആശ്രാമം വരെ അദ്ദേഹം പൂർത്തീകരിച്ചു. അതിന്റെ അടുത്തഘട്ടമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് വരെ ലിങ്ക് റോഡ് പിന്നീട് നടപ്പാക്കി. അവിടെ നിന്ന് അഷ്ടമുടിക്കായലിനു മുകളിലൂടെ തോപ്പിൽ കടവിലെത്തേണ്ട ഫ്ളൈഓവർ ഇപ്പോൾ കായൽ മദ്ധ്യത്തിലെത്തി നിൽക്കുകയാണ്. ഇതിന്റെ അടുത്ത ഘട്ടം എന്ന് പൂർത്തീകരിക്കുമെന്നത് ഭരണകർത്താക്കൾക്കു പോലും നിശ്ചയമില്ല. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ കാവനാട് മുതൽ മേവറം വരെ നാലുവരിപ്പാതയാക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചതല്ലാതെ മറ്റു നടപടികളൊന്നും മുന്നോട്ട് നീങ്ങുന്നില്ല. കായികരംഗവുമായി ബന്ധപ്പെട്ട കുറെയധികം നിർമ്മാണ പ്രവർത്തനങ്ങളുണ്ടെന്നതൊഴിച്ചാൽ കൊല്ലം നഗരത്തിലെ പൊതുജനത്തിന് പ്രയോജനപ്പെടുന്ന കാര്യമായൊരു വികസനവും ഉണ്ടാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അഴിമതി ആരോപണങ്ങൾ
ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ ക്രമക്കേടിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തെളിവുകൾ നിരത്തുന്നതാണ് കൊല്ലം കോർപ്പറേഷനിലെ ഓഡിറ്റ് പരിശോധനാ റിപ്പോർട്ട്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ കോർപ്പറേഷനും ഉദ്യോഗസ്ഥരും നടത്തിയ ധൂർത്തിന്റെ തെളിവുകളാണ് 2022 ഡിസംബർ മുതൽ 2023 ഫെബ്രുവരി വരെ നടന്ന ലോക്കൽ ആഡിറ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതികൾ, ക്ഷേമ പദ്ധതികളിലൂടെ അനർഹരായ ഗുണഭോക്താക്കൾക്ക് പണം കൈമാറൽ എന്നിവയിലൂടെ കോടികൾ ഖജനാവിന് നഷ്ടമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019- 2020 മുതൽ 2021- 22 വരെയുള്ള ഭരണസമിതികളുടെ കാലത്തെ ക്രമക്കേടുകളാണ് ആഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര പദ്ധതിയിൽ പെടുത്തി നഗരശുചീകരണത്തിനായി ഉപയോഗിക്കാൻ കൊല്ലം കോർപ്പറേഷന് ലഭിച്ച 50 ഓളം പുതുപുത്തൻ പെട്ടി ഓട്ടോകൾ ഒരു ദിവസം പോലും നിരത്തിലിറങ്ങിയില്ല. നഗരസഭയിൽ വൈദ്യുതശ്മശാനം സ്ഥാപിക്കാനുള്ള പദ്ധതിയും പാളിപ്പോയപ്പോൾ ഇന്നും വിറകുപയോഗിച്ചാണ് മൃതദേഹം ദഹിപ്പിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ സ്ഥാപനത്തിനാണ് വൈദ്യുതി ശ്മശാനം സ്ഥാപിക്കാൻ കരാർ നൽകിയത്. ശ്മശാനം പണിപൂർത്തിയായപ്പോൾ ഭൗതികദേഹം ദഹിപ്പിക്കാൻ ഹിന്ദു ആചാര പ്രകാരം തെക്ക് വടക്ക് ദിശയിൽ വരേണ്ടതിന് പകരം കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിർമ്മിച്ചതിനാൽ ഉപയോഗശൂന്യമായി. പിന്നീട് രണ്ട് തവണ ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെ വിറകിൽ തന്നെ ചിതയൊരുക്കുന്നത് തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷനിലും ഒരു ഡിവിഷൻ കൂടിയപ്പോൾ 56 ഡിവിഷനുകളായി. നിലവിലുള്ള ഡിവിഷനുകളുടെ അതിർത്തികളും പുനർ നിർണയിച്ചുവെങ്കിലും അതിലൊന്നും ഒരു പ്രതികരണവും ഇതുവരെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കോൺഗ്രസ് വീണ്ടും
പ്രതിപക്ഷ കക്ഷിയാകുമോ ?
ഇടതു മുന്നണിക്കെതിരെ അഴിമതിയടക്കം നിരവധി ആരോപണങ്ങൾ ഉയരുമ്പോഴും അടുത്തു നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെങ്കിലും ആകുമോ എന്ന് ആശങ്കപ്പെടുന്നത് കോൺഗ്രസുകാർ തന്നെയാണ്. സി.പി.എം കഴിഞ്ഞാൽ ബി.ജെ.പിയാണ് വളർച്ചയുടെ കാര്യത്തിൽ കോൺഗ്രസിനെക്കാൾ മുന്നിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6 സീറ്റുകളിൽ ജയിച്ച ബി.ജെ.പി 16 ഓളം ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തായിരുന്നു. അഞ്ചു വർഷത്തിനിടെ ബി.ജെ.പിയോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ പ്രകടമായ മാറ്റമുണ്ടായെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. ഭരണം പിടിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അത് സാധിച്ചില്ലെങ്കിൽ പ്രധാന പ്രതിപക്ഷമായി മാറുമെന്നും അവർ പറയുന്നു. കോൺഗ്രസിനാകട്ടെ സംഘടനാ കെട്ടുറപ്പിലും ദൗർബല്യത്തിലും കഴിഞ്ഞകാലങ്ങളിൽ നിന്ന് കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. ഇന്നത്തെ നിലയിലുള്ളപ്രവർത്തനവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലവിലെ സീറ്ര് പോലും ലഭിക്കുമോ എന്ന് അവർക്ക് സംശയമുണ്ട്. ശക്തമായ അടിത്തറയും ചിട്ടയായ പ്രവർത്തനത്തിലൂടെയും സി.പി.എം വീണ്ടും അധികാരം നിലനിർത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.