ഖാദി ബോർഡിന്റെ ആലപ്പുഴ മില്ലേനി @ 25

Tuesday 03 June 2025 1:26 AM IST

ആലപ്പുഴ : ജില്ലാ ഖാദി ബോർഡ് 2000ൽ പുറത്തിറക്കിയ മില്ലേനി ബ്രാൻഡ് 25വയസ്സിന്റെ നിറവിൽ. ഷർട്ട്, ജുബ്ബ, ചുരിദാർ ടോപ്, തലയിണ തുടങ്ങിയവയുമായി കോടികളുടെ വിറ്റുവരമാണ് മില്ലേനി ബ്രാൻഡ് സ്വന്തമാക്കുന്നത്.പുതിയ നൂറ്റാണ്ടിന്റെ സൂചകമായാണു മില്ലേനി എന്ന ബ്രാൻഡ് നെയിം സ്വീകരിച്ചത്.

ആലപ്പുഴയിലെ ഖാദി ബോർ‌‌ഡിന്റെ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തയ്യൽ യൂണിറ്റിലാണ് വസ്ത്ര നി‌ർമ്മാണം. 25-ാം വാർഷികത്തോടനുബന്ധിച്ച് പുനരുദ്ധരിക്കുന്ന തയ്യൽ യൂണിറ്റിൽ നിന്ന് ഈ വ‌ർഷം ആയിരം രൂപയിൽ താഴെ വിലയുള്ള റെഡിമേയ്ഡ് ഷർട്ടുകൾ പുറത്തിറക്കും. ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങൾ എറണാകുളത്തെ സെൻട്രൽ ഗോഡൗണിലേക്കാണ് കൂടുതലായും കൊണ്ടുപോകുന്നത്.

പതിനാല് ജില്ലകളിലെ ഖാദിബോ‌ർ‌ഡ് ഷോറൂമുകളിലും ആലപ്പുഴ മില്ലേനി ബ്രാൻഡ് ലഭ്യമാണ്. മൂന്ന് പുരുഷന്മാരുൾപ്പടെ 29 തൊഴിലാളികളാണ് തയ്യലിന്റെ വിവിധ ഘട്ടങ്ങളിൽ തൊഴിലെടുക്കുന്നത്. സ്റ്റോക്ക് മിച്ചം വരാറില്ലെന്ന് ജില്ലാ പ്രൊജക്ട് മാനേജർ പി.എം.ലൈല പറഞ്ഞുകി. സർക്കാർ അംഗീകൃത സഹകരണ സംഘങ്ങളിൽ നിന്നും ഖാദി സ്ഥാപനങ്ങളിൽ നിന്നുമാണു തുണി ശേഖരിക്കുന്നത്.

11.14 കോടി രൂപയുടെ വിറ്റുവരവ്

 2019–20 മുതൽ 2024–25 വരെയുള്ള വർഷങ്ങളിലായി 11.14 കോടി രൂപയുടെ വിറ്റുവരവാണു ബ്രാൻഡ് നേടിയത്

 ആകെ 13.66 കോടി രൂപയുടെ വസ്ത്രങ്ങൾ ഉത്പാദിപ്പിച്ചു. 1.44 കോടി രൂപയാണു തയ്യൽ ഇനത്തിൽ വേതനമായി നൽകിയത്

 2020–21ൽ 2.46 കോടി രൂപയുടെ വിറ്റുവരവ് നേടിയെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ കുറഞ്ഞിരുന്നു

 2023–24ൽ 2.11 കോടിയും 2024–25ൽ 2.24 കോടിയും വിൽപ്പനയിൽ നിന്ന് സമാഹരിച്ചു

 കോട്ടൺ ഷർട്ടുകൾക്ക് : 1500 രൂപ വരെ

 സിൽക്ക് ഷർട്ടിന്: 4000 രൂപ വരെ

 ടോപ്പുകൾക്ക് : 1500 രൂപ വരെ

ഓണക്കാലം ലക്ഷ്യമിട്ടാണ് പ്രധാനമായും സ്റ്റോക്ക് ഉത്പാദിപ്പിക്കുന്നത്. ഒരു വ‌ർഷം പോലും സ്റ്റോക്ക് മിച്ചം വരുന്ന സ്ഥിതിയുണ്ടായിട്ടില്ല

- പി.എം.ലൈല, പ്രൊജക്ട് മാനേജർ, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്