ആർത്തിരമ്പി കടൽ; ആധി തിന്ന് തീരം -3  കടലെടുത്ത ഭൂമിക്കും നികുതി

Monday 02 June 2025 10:27 PM IST

ഈയടുത്ത കാലത്തായി മാത്രം കടലാക്രമണ ഭീഷണി നേരിടുന്ന വീടുകളും കാസർകോടൻ തീരത്തുണ്ട്. സമീപകാലത്തുണ്ടായ കള്ളക്കടൽ പ്രതിഭാസം മൂലം ഒന്നര കിലോമീറ്റർ ദൂരത്തിലാണ് തീരം കടലെടുത്തത്. തൃക്കണ്ണാടിനും കോട്ടിക്കുളത്തിനും പുറമെ ഉദുമയിലെ കൊപ്പൽ, കൊവ്വൽ, ജന്മ കടപ്പുറങ്ങളിലാണ് ഈ അവസ്ഥ കൂടുതലും.

കാലവർഷത്തിൽ ആധിയാണ് ഇവിടെയുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക്. കായ്ച്ചുനിൽക്കുന്ന തെങ്ങുകളടക്കം തിരമാലകൾ കൊണ്ടുപോകുന്നത് നോക്കിനിൽക്കാൻ മാത്രമെ ഇവർക്ക് കഴിയുന്നുള്ളു.കടൽ കൊണ്ടുപോയ ഭൂമിക്കും ഇവർ നികുതി അടക്കേണ്ടിവരുന്നു. കൊവ്വൽ കടപ്പുറത്ത് ജനിച്ചുവളർന്ന എൺപതുകാരി ഇരിയണ്ണി മാധവിയുടെ പേരിൽ 68 സെന്റ് ഭൂമിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം അളക്കുമ്പോൾ ഇത് 46 സെന്റ് ആയി ചുരുങ്ങി. ഈ വർഷം കൂടി കഴിഞ്ഞാൽ 30 സെന്റ് ബാക്കിയാകുമോ എന്നതാണ് ഇവരുടെ ആശങ്ക. മാധവിയുടെ ബന്ധുക്കളായ എട്ട് കുടുംബങ്ങൾ കൊവ്വൽ കടപ്പുറത്ത് താമസിക്കുന്നുണ്ട്. നാലേക്കർ ഭൂമിയാണ് ഇവർക്ക് വീതം വച്ചത്. ഈ ഭൂമിയിൽ വലിയൊരു ഭാഗം കടൽ വിഴുങ്ങി.ഈ ഈ കുടുംബങ്ങളെല്ലാം കടലെടുത്ത ഭൂമിക്ക് നികുതി അടക്കുന്നുണ്ട്. കടലെടുത്ത സ്ഥലം അളന്ന് തിട്ടപ്പെടുത്തി നികുതി ഇളവ് കൊടുക്കാൻ റവന്യു അധികൃതർക്ക് ബാദ്ധ്യത ഉണ്ടെങ്കിലും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

ചെമ്പരിക്ക മുഹമ്മദ്, കെ.സി ഗോപാലൻ, സിലോൺ വെള്ളച്ചി, ദാമോദരൻ, ഗോപാലൻ, വെള്ളച്ചി, ബലരാമൻ, തങ്കമണി അംബുജാക്ഷൻ, മാലതി ,നാരായണൻ,ലത, അംബിക,സരള തുടങ്ങിയവരുടെ വീടുകളും സ്ഥലവും ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ്. ജന്മ കടപ്പുറത്തെ സുലോചന, ബാലൻ,സീന, പവിത്രൻ, ഗോപാലൻ, നാരായണി, ചിരുത, സുമതി, സുധൻ തുടങ്ങിവരുടേതടക്കം അൻപതോളം ആളുകളുടെ വീടുകളും സ്ഥലങ്ങളും കടലെടുത്തിട്ടും അധികൃതർ കണ്ണുതുറന്നില്ല.ഇവിടെ 700 മീറ്റർ ദൂരത്തിൽ തെങ്ങുകളും ഭൂമിയും കടലെടുത്തു കഴിഞ്ഞു. പറമ്പുകളിൽ ഇനി ഒന്നും അവശേഷിക്കുന്നില്ല.

വർഷം തോറും നഷ്ടം കൂടിക്കൂടി വരുമ്പോഴും സർക്കാരിന്റെ സഹായമൊന്നും കിട്ടിയിട്ടില്ല.പരിദേവനമുയരുമ്പോൾ ഉദ്യോഗസ്ഥരും ഭരണാധികാരികളും വരും. വാഗ്ദാനങ്ങൾ നൽകി മടങ്ങും.ഒന്നും നടപ്പാകില്ലെന്ന് മാത്രം- ജന്മ കടപ്പുറത്തെ ബാലനും സുലോചനയും പറയുന്നു.

ഒരു ലക്ഷം വീതം പിരിവിട്ട് നിർമ്മിച്ച റോഡ്;

കടൽകയറിയാൽ പെരുവഴി മുട്ടും

കടലിനോട് ചേർന്ന ഒട്ടും വീതിയില്ലാത്ത മണൽതിട്ടക്കും താഴെയുള്ള വയലിനും ഇടയിലാണ് കൊവ്വൽ കടപ്പുറത്തെ മാധവിയും കുടുംബവും കഴിയുന്നത്. അമ്പത് മീറ്റർ കൂടി കടൽ കയറിയാൽ തറവാട് വീടും ബന്ധുവീടുകളും മുങ്ങും. അസുഖം പിടിപെട്ടാൽ ആശുപത്രിയിൽ പോകാൻ 2024 ലെ കാലവർഷത്തിന്റെ തുടക്കം വരെ ആശ്രയിച്ചിരുന്ന റോഡ് കടൽ കൊണ്ടുപോയി. ഇതിന് ശേഷം പത്ത് വീട്ടുകാർ ഓരോ ലക്ഷം വീതമെടുത്ത് വീടുകൾക്കും വയലിനും ഇടയിൽ റോഡ് നിർമ്മിച്ചു. ഇത്തവണ തുടക്കത്തിൽ തന്നെ റോഡും വയലുമെല്ലാം കടൽ കൊണ്ടുപോകുമോയെന്ന ആശങ്കയിലാണ് ഇവർ.

എം.പിയും എം.എൽ.എയും കളക്ടറും അടക്കമുള്ള അധികൃതർ ഓരോ വർഷവും വരും ഉറപ്പ് നൽകി പോകും.അടുത്ത വർഷം എന്തായാലും കടൽ സംരക്ഷണ ഭിത്തി ഉണ്ടാകുമെന്ന് വാഗ്‌ദാനം നൽകും. ഇങ്ങനെ മൂന്ന് വർഷമായി കാത്തിരിക്കുന്നു. ഇതുവരെ ഒരു കാര്യവും ഇവിടെ നടന്നിട്ടില്ല. കുഞ്ഞുങ്ങളുമായി രാത്രി ഇറങ്ങി ഓടേണ്ടുന്ന അവസ്ഥയിലാണ് ഞങ്ങൾ

തങ്കമണി ( കൊവ്വൽ കടപ്പുറം)