പടുവളത്ത് ദേശീയപാതയിൽ വിള്ളൽ
തൃക്കരിപ്പൂർ : പിലിക്കോട് ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന ഭാഗത്ത് അപകടകരമായ വിധത്തിൽ വിള്ളൽ . കാർഷിക
ഗവേഷണ കേന്ദ്രത്തിന് സമീപത്തെ റോഡിലാണ് വിള്ളൽ കണ്ടെത്തിയത് തോട്ടം ഗേറ്റു മുതൽ പടുവളം വരെ ഏകദേശം അര കിലോമീറ്റർ ദൂരത്തായാണ് വിള്ളലുള്ളത്.
ഇത് ടാർ ഉരുക്കി ഒഴിച്ച് മൂടാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തോട്ടം ഗേറ്റിന് സമീപത്തെ അണ്ടർപാസിന് മുകളിലെ ഓവർബ്രിഡ്ജിന് മുകളിലൂടെ കടന്നുപോകുന്ന റോഡിലാണ് വിള്ളലുള്ളത്. ഏകദേശം അഞ്ചു മീറ്റർ ഉയരത്തിലൂടെയാണ് ഈ ഭാഗത്തുകൂടി ദേശീയപാത കടന്നുപോകുന്നത്. അതിനാൽ വിള്ളൽ അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ദീർഘദൂരത്തിലായി വിള്ളൽ കാണപ്പെട്ടതിനാൽ റോഡ് ബലക്ഷയം വന്ന് നിലംപതിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. സർവ്വീസ് റോഡിനും ഇത് ഭീഷണിയാണ്. പടുവളത്തിന് അരകിലോമീറ്റർ വടക്കുഭാഗത്തായി മട്ടലായി ദേശീയപാതക്കരികിൽ മണ്ണിടിഞ്ഞു വീണ് നാളുകൾക്ക് മുമ്പ് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.