പോക്സോ കേസിൽപ്പെട്ടയാൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥി !
തിരുവനന്തപുരം: പോക്സോ കേസിൽ ഉൾപ്പെട്ട വ്ളോഗറെ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വിവാദത്തിൽ.
ഫോർട്ട് ഹൈസ്‌കൂളിൽ വ്ളോഗർ മുകേഷ് എം.നായരാണ് ഇന്നലെ മുഖ്യാതിഥിയായത്. അർദ്ധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നും അനുമതിയില്ലാതെ ദേഹത്ത് സ്‌പർശിച്ചെന്നുമുള്ള 15കാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഇയാളെ ഒന്നാംപ്രതിയാക്കിയുള്ള കേസ് കോവളം പൊലീസാണ് അന്വേഷിക്കുന്നത്. പോക്സോ കോടതിയിൽ നിന്ന് മുകേഷ് എം.നായർക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.
സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഇയാളാണ് ഉപഹാരം നൽകിയത്. പോക്സോ കേസിൽ ഉൾപ്പെട്ടെ അദ്ധ്യാപകരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതടക്കം പൊതുവിദ്യാഭ്യാസവകുപ്പ് കർശന നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രവേശനോത്സവത്തിൽ വകുപ്പിന് കളങ്കമുണ്ടാക്കിയ സംഭവം.
എന്നാൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. പെൺകുട്ടിയെ ചിത്രീകരണത്തിനെത്തിച്ച കോ ഓർഡിനേറ്ററാണ് കേസിൽ രണ്ടാം പ്രതി.