ഹൈബ്രിഡ് കഞ്ചാവ് : വിദേശത്തേക്ക് പോയ രണ്ടുപേർക്കും പങ്കെന്ന് വിവരം
ശംഖുംമുഖം: വിദേശത്തു നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച് പിടിയിലായവർ റിമാൻഡിൽ. മലപ്പുറം സ്വദേശികളായ ഷാഹിദ്,ഷഹാന എന്നിവരെ ചോദ്യം ചെയ്‌തതിൽ നിന്നും ഇവർക്കൊപ്പം വിദേശത്തേക്ക് പോയ രണ്ടുപേർക്ക് കൂടി കഞ്ചാവ് കടത്തിൽ പങ്കുണ്ടെന്നാണ് വിവരം. ഇവർ തായ്ലൻഡിലാണെന്നാണ് മൊഴി.
ബംഗളൂരുവിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും നിശാക്ളബിൽ വച്ചാണ് പരിചയപ്പെട്ടത്. ഇവർ പിന്നീട് മയക്കുമരുന്ന് മാഫിയയുടെ വലയിൽ കുടുങ്ങുകയായിരുന്നു. മാഫിയാ സംഘത്തിന്റെ നിർദ്ദേശപ്രകാരം നാലുപേരും കഴിഞ്ഞമാസം പാസ്‌പോർട്ടെടുത്തു. തുടർന്ന് നാലുപേരെയും ടൂർപാക്കേജ് എന്ന പേരിൽ മയക്കുമരുന്ന് മാഫിയ തായ്ലാൻഡിലേക്ക് അയച്ചു.
തിരികെ വരുമ്പോൾ അവിടെ നിന്നും മടക്കയാത്രക്കുള്ള ടിക്കറ്റ് നൽകുന്നവർ എൽപ്പിക്കുന്ന ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാനായിരുന്നു നിർദ്ദേശം. അങ്ങനെ കൊണ്ടുവന്ന ലഗേജിലുണ്ടായിരുന്ന പത്തുകിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പിടിയിലായത്.