ജാമ്യവ്യവസ്ഥയിൽ ഇളവ്: ബെയ്ലിൻദാസിന്റെ ഹർജി തള്ളി

Tuesday 03 June 2025 12:54 AM IST

തിരുവനന്തപുരം:അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി കോടതി തള്ളി.വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു മാസം പ്രവേശിക്കരുതെന്ന കർശന നിബന്ധനയിൽ ഇളവ് വേണമെന്ന ഹർജിയാണ് ജില്ലാ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

വഞ്ചിയൂർ കോടതി പരിസരത്തെ ഓഫീസിലും കോടതിയിലും എത്താനും ജോലിചെയ്യാനും അവസരം നല്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.കുറ്റപത്രം ഫയൽ ചെയ്യുന്നതു വരേയോ രണ്ടു മാസത്തേക്കോ വഞ്ചിയൂരിൽ പ്രവേശിക്കരുതെന്നാണ് ജാമ്യം നൽകിയപ്പോൾ കോടതി നിർദ്ദേശിച്ചത്.

കുറ്റകൃത്യം നടന്ന വക്കീൽ ഓഫീസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് ഇത്തരമൊരു വ്യവസ്ഥ കോടതി നിർദ്ദേശിച്ചത്.കേസിലെ വാദിയായ അഭിഭാഷകയും ഇതുവരെ കോടതിയിൽ എത്തിയില്ല. അഭിഭാഷക സ്വന്തമായി ഓഫീസ് തുറക്കാൻ ആലോചിക്കുന്നതായാണ് വിവരം.