കൊഴുപ്പ് നീക്കൽ പിഴവ്: എത്തിക്‌സ് കമ്മിറ്റി 21ന്
Tuesday 03 June 2025 2:55 AM IST
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ചികിത്സാപ്പിഴവ് പരിശോധിക്കാനുള്ള സംസ്ഥാനതല എത്തിക്‌സ് കമ്മിറ്റിയോഗം 21ന് ചേരും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീനയുടെ അദ്ധ്യക്ഷതയിൽ കൊച്ചിയിലാണ് യോഗം. ഡി.എം.ഇ, അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ, പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധൻ എന്നിവർ പങ്കെടുക്കും. ഇവർ നിയോഗിക്കുന്ന വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സമിതി യോഗവും ഇതിന്റെ ഭാഗമായി നടക്കും.
ജില്ലാതല എത്തിക്സ് കമ്മിറ്റിയിൽ ഭിന്നാഭിപ്രായമുണ്ടായതോടെയാണ് വിഷയം സംസ്ഥാനതല കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്. തിരുവനന്തപുരം കുളത്തൂരിലെ സൗന്ദര്യവർദ്ധക ക്ലിനിക്കായ കോസ്‌മെറ്റിക്കിനെതിരെയാണ് ആരോപണമുയർന്നത്. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനിയറായ നീതുവിന്റെ 9 വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.