അവധി പിന്നിട്ട് സ്കൂൾ മുറ്റത്ത് കുട്ടിപ്പട്ടാളം

Tuesday 03 June 2025 12:01 AM IST

തൃശൂർ: അവധിക്കാലത്തിന് വിട നൽകി അക്ഷര ലോകത്തേക്ക് കുട്ടിപ്പട്ടാളം. പുത്തൻ യൂണിഫോമിട്ട് പുതുബാഗും കുടയുമായി മാതാപിതാക്കളുടെ കൈപിടിച്ചാണ് അക്ഷരലോകത്തേക്ക് മിക്ക കുട്ടികളും എത്തിയത്. പ്രവേശനോത്സവം പെരുമഴയിൽ കുതിരുമോയെന്ന് ആശങ്കയുണ്ടായെങ്കിലും മഴയൊഴിഞ്ഞു നിന്ന തെളിഞ്ഞ ആകാശം വിദ്യാലയമുറ്റങ്ങളിൽ കളിചിരി പടർത്തി.

കുട്ടികളെ കിരീടം അണിയിച്ചും പൂച്ചെണ്ടും പുസ്തകങ്ങളും ബാഗുകളും നൽകിയുമായിരുന്നു കൊക്കാലെയിലെ സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ കുട്ടികളെ സ്വീകരിച്ചത്. 35 കുട്ടികളാണ് ഇവിടെ ഒന്നാം ക്ലാസിലെത്തിയത്. വാർഡ് കൗൺസിലർ മുകേഷ് കൂളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അലീന അദ്ധ്യക്ഷയായി. പി.ടി.എ അംഗം വിൻസെന്റ്, എം.പി.ടി.എ അംഗം ജയശ്രീ, ഹെഡ്മിസ്ട്രസ് സിസ്റ്റർ അക്ഷയ എന്നിവർ സംസാരിച്ചു.