ചതിയെക്കുറിച്ച് പറയാൻ മുഖ്യമന്ത്രി യോഗ്യൻ: കെ.സി

Tuesday 03 June 2025 12:15 AM IST

മലപ്പുറം: നിലമ്പൂരിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും, അതേപ്പറ്റി പറയാൻ ഏറ്റവും യോഗ്യൻ അദ്ദേഹമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൂരം കലക്കി ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയാണ്. സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്ന വി.എസ്.സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു. എല്ലാ ജില്ലയിലും സ്വർണം പിടി കൂടാറുണ്ട്. മറ്റ് ജില്ലകളെക്കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലിൽ നിറുത്തി. അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയിലെ പാപക്കറ കഴുകി കളയാനാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.

പാണക്കാട് കുടുംബം

പങ്കെടുത്തില്ല

നിലമ്പൂർ നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബം പങ്കെടുത്തില്ല. മുസ്‌ലിം ലീഗിൽ നിന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പങ്കെടുത്തത്. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജ് തീർത്ഥാടനത്തിലാണ്. മുനവ്വറലി ശിഹാബ് തങ്ങൾ വിദേശത്താണ്. ജില്ലാ പ്രസിഡന്റ് അബ്ബാസലി തങ്ങൾ മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയിലായിരുന്നു.