ഓപ്പറേഷൻ സിന്ദൂർ: 16ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചേക്കും

Tuesday 03 June 2025 12:40 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ 16ന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സാദ്ധ്യത. സർക്കാർ തലത്തിൽ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇത്തരം സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മുൻപ് വിളിച്ചുചേർത്ത പ്രത്യേക സമ്മേളനങ്ങളുടെ വിശദാംശങ്ങൾ തേടിയതായും റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ഇയാഴ്‌ച തിരിച്ചെത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ അവർക്ക് അവസരം നൽകുമെന്നാണ് വിവരം.

ഏപ്രിൽ 22ന് പഹൽഗാം ആക്രമണം നടന്നതിന് പിന്നാലെ പ്രത്യേക പാർലമെന്റ് സമ്മേളനം എന്ന ആവശ്യം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മേയ് 7ന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യയുടെ തിരിച്ചടിയും പാകിസ്ഥാനുമായുള്ള സംഘർഷവും നടന്ന സാഹചര്യത്തിൽ പാർലമെന്റിനെ വസ്‌തുതകൾ അറിയിക്കണമെന്ന ആവശ്യം ശക്തമായി.

എന്നാൽ,ജൂലായിൽ വർഷകാല സമ്മേളനം നടത്തുന്നതിനൊപ്പം വിഷയം ചർച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു സർക്കാർ. പാർലമെന്റ് സമ്മേളനം എന്ന ആവശ്യം തള്ളിയ സർക്കാർ പകരം സർവകക്ഷി യോഗം വിളിച്ചെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. പ്രത്യേക പാർലമെന്റ് സമ്മേളനം വേണമെന്ന ആവശ്യം സർവകക്ഷി യോഗത്തിലും ആവർത്തിച്ചു. യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കാത്തതിലും പരാതിയുണ്ട്.

ഓപ്പറേഷൻ സിന്ദൂറിനിടെ വ്യോമസേനയ്ക്ക് വിമാനങ്ങൾ നഷ്ടപ്പെട്ടതായി സിംഗപ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ സമ്മതിച്ചതിന് പിന്നാലെ പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ പാർട്ടികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആക്ഷേപം.