ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുത്തേക്കില്ല

Tuesday 03 June 2025 12:44 AM IST

ന്യൂഡൽഹി: 15മുതൽ 17വരെ കാനഡയിലെ ആൽബർട്ടയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടു നിന്നേക്കുമെന്ന് സൂചന. കാനഡയിൽ ഭരണമാറ്റമുണ്ടായെങ്കിലും ഖാലിസ്ഥാൻ ഭീകരവാദികളിൽ നിന്നുള്ള സുരക്ഷാ ഭീഷണി അടക്കം ഉയർത്തിയാണിത്. 2019 മുതൽ ഇങ്ങോട്ട് പ്രധാനമന്ത്രി മോദി എല്ലാ ജി7 ഉച്ചകോടിയിലും പങ്കെടുത്തിരുന്നു.

തങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഏതൊക്കെ രാഷ്‌ട്രത്തലവൻമാർ പങ്കെടുക്കുമെന്ന് കാനഡ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ ഇന്ത്യയ്‌ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുമില്ല. വൈകി ക്ഷണം ലഭിച്ചാലും ഖാലിസ്ഥാൻ ഭീകരരുടെ സാന്നിദ്ധ്യമുള്ള കാനഡയിലേക്ക് യാത്രയ്‌ക്കുള്ള ഒരുക്കത്തിന് സമയം ലഭിക്കുകയുമില്ല. ദക്ഷിണാഫ്രിക്ക,യുക്രെയിൻ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് കാനഡയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്.

യു.എസ്,ഫ്രാൻസ്,ജർമ്മനി,ഇറ്റലി,യു.കെ,ജപ്പാൻ,കാനഡ എന്നീ രാജ്യങ്ങളാണ് ജി7 അംഗരാജ്യങ്ങൾ. യൂറോപ്യൻ യൂണിയൻ,ഐ.എം.എഫ്,ലോകബാങ്ക്,ഐക്യരാഷ്ട്രസഭ എന്നിവയുടെ പ്രാതിനിദ്ധ്യവുമുണ്ടാകും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ താത്പര്യമുണ്ടെന്ന് കാനേഡിയൻ വിദേശകാര്യ മന്ത്രി അങ്കിത ആനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്രമോദിയെ ക്ഷണിക്കരുതെന്ന് സിക്ക് വിഘടനവാദ സംഘടനകൾ കാർണി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.