കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കൾക്കെതിരെ ഇ.ഡി സമൻസ് ഉടൻ

Tuesday 03 June 2025 2:26 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രത്തിൽ പേരുള്ള സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരായ മൂന്ന് നേതാക്കളെ വിചാരണയ്ക്കായി വിളിച്ചു വരുത്താൻ ഇ.ഡി നീക്കം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എം.പിയുമായ കെ.രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്തീൻ എം.എൽ.എ, എം.എം.വർഗീസ് എന്നിവർക്ക് സമൻസ് അയക്കാനാണ് നീക്കം.

വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലില്ലാത്ത പ്രതികൾക്ക് സമൻസ് അയക്കുന്നതാണ് ആദ്യ ഘട്ടം. കേസ് ലിസ്റ്റ് ചെയ്ത് മൂന്ന് മാസത്തിനുള്ളിലാണ് സമൻസ് അയക്കുകയും തുടർ നടപടികൾ തുടങ്ങുകയും ചെയ്യും. എന്നാൽ കരുവന്നൂർ കേസിൽ എത്രയും വേഗം സമൻസയക്കാനുള്ള നീക്കം നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ്

മുന്നിൽ കണ്ടാണെന്ന ആക്ഷേപം ഉയരുന്നു. എറണാകുളം കലൂരിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലാകാത്ത പ്രതികൾ കോടതിയിൽ ബോണ്ട് ഹാജരാക്കണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസുകൾ കുറവായതിനാലാണ് വേഗത്തിൽ സമൻസയക്കുന്നതെന്നാണ് ഇ.ഡിയുടെ വിശദീകരണം. എന്നാൽ, നിലമ്പൂർ തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എം നേതാക്കൾക്ക് സമൻസയച്ച് താറടിക്കാനുള്ള നീക്കമാണ് ബി.ജെ.പി അണിയറയിൽ നടത്തുന്നതെന്നാണ് പാർട്ടിയുടെ ആരോപണം.

കുറ്റപത്രം സമർപ്പിച്ചതോടെ, കോൺഗ്രസും ബി.ജെ.പിയും എത്രയും വേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. കരുവന്നൂരിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നത് സത്യമാണെന്നും, എന്നാൽ തട്ടിപ്പിന്റെ വിഹിതം പാർട്ടിക്ക് കിട്ടിയിട്ടില്ലെന്നുമാണ് മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരും ഇ.ഡിയെ ധരിപ്പിച്ചത്. ഇതിൽ വിശ്വാസമില്ലാത്തതിനാലാണ് ഇ.ഡി ഇവരുടെയും പാർട്ടിയുടെയും പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.

'കൊടകരയിൽ കുഴൽപ്പണം ഇറക്കിയത് കണ്ടില്ലെന്ന് നടിക്കുകയും കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസ് ബി.ജെ.പിക്കായി തമസ്‌കരിക്കുകയും ചെയ്തവരാണ് ഇ.ഡി. ഇ.ഡിയുടെ കള്ളക്കേസുകൾക്കൊന്നും പാർട്ടിയെ തകർക്കാനാകില്ല."

-കെ.വി. അബ്ദുൾഖാദർ ജില്ലാ സെക്രട്ടറി. സി.പി.എം