യുക്രെയിൻ ഡ്രോൺ ആക്രമണം --- സമാധാന നീക്കമില്ല, പ്രത്യാക്രമണത്തിന് റഷ്യ

Tuesday 03 June 2025 6:42 AM IST

മോസ്‌കോ: റഷ്യൻ എയർബേസുകളിലുണ്ടായ യുക്രെയിന്റെ അപ്രതീക്ഷിത ഡ്രോൺ ആക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും. ഇരട്ടി വീര്യത്തോടെ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യയെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിവച്ച് യുക്രെയിൻ നടത്തിയ ആക്രമണം റഷ്യയ്ക്ക് നാണക്കേടായതോടെയാണിത്. ഇന്നലെ തുർക്കിയിലെ ഇസ്താംബുളിൽ വെടിനിറുത്തലിനായുള്ള രണ്ടാം റൗണ്ട് ചർച്ചയിൽ യുക്രെയിൻ,റഷ്യൻ പ്രതിനിധികൾ പങ്കെടുത്തിരുന്നു. കൂടുതൽ യുദ്ധത്തടവുകാരെ മോചിപ്പിക്കാൻ ധാരണയായെങ്കിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനമുണ്ടായില്ല.

നാറ്റോ പ്രവേശനം അടക്കം ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നിലപാട് കടുപ്പിച്ചതും വെല്ലുവിളിയായി. റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ലിത്വാനിയയിൽ നാറ്റോ യോഗത്തിൽ സെലെൻസ്കി ആഹ്വാനം ചെയ്തു. അതേസമയം,'ഓപ്പറേഷൻ സ്‌പൈഡേഴ്സ് വെബ് " എന്ന പേരിൽ ഞായറാഴ്ച യുക്രെയിൻ നടത്തിയ ആക്രമണം യു.എസിനെ മുൻകൂട്ടി അറിയിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

മിണ്ടാതെ റഷ്യ

മർമാൻസ്ക്,ഇർകുറ്റ്സ്ക്,ഇവാനോവോ,റയാസാൻ,അമൂർ എന്നിവിടങ്ങളിലെ എയർബേസുകൾ യുക്രെയിൻ ആക്രമിച്ചെന്ന് റഷ്യ സമ്മതിച്ചു. തീപിടിത്തങ്ങളുണ്ടായെന്നും ആക്രമണങ്ങളെ ചെറുത്തെന്നും അവകാശപ്പെട്ട റഷ്യ യുദ്ധവിമാനങ്ങൾ തകർത്തെന്ന യുക്രെയിൻ വാദത്തോട് പ്രതികരിച്ചിട്ടില്ല. അതേസമയം,യുക്രെയിൻ ഡ്രോണുകൾ രാജ്യത്തേക്ക് കടത്തിയ ട്രക്ക് ഡ്രൈവർമാരിൽ ഒരാളെ റഷ്യ പിടികൂടി.

നഷ്ടം 700 കോടി ഡോളർ

 ആക്രമണത്തിന് യുക്രെയിൻ ഉപയോഗിച്ചത് 117 ഡ്രോണുകൾ. റഷ്യയ്ക്ക് 700 കോടി ഡോളറിന്റെ നഷ്ടമെന്ന് യുക്രെയിൻ

 ക്രൂസ് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള റഷ്യയുടെ 34 % ബോംബർ വിമാനങ്ങളെയും ആക്രമിച്ചെന്ന് അവകാശവാദം

 41 റഷ്യൻ യുദ്ധ വിമാനങ്ങൾ തകർത്തെന്ന് യുക്രെയിൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിൽ 13 എണ്ണം പൂർണമായും നശിച്ചെന്നും മറ്റുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചെന്നും യുക്രെയിൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി

 ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇരുരാജ്യങ്ങളും വ്യോമാക്രമണങ്ങൾ പതിവ് പോലെ തുടർന്നു. ഖാർക്കീവിൽ 5 പേർക്ക് പരിക്ക്

കൂടുതൽ തടവുകാരെ കൈമാറും

ഗുരുതരമായി പരിക്കേറ്റ എല്ലാ യുദ്ധത്തടവുകാരെയും 18-25 പ്രായമുള്ളവരെയും പരസ്പരം കൈമാറാൻ യുക്രെയിൻ-റഷ്യ ചർച്ചയിൽ ധാരണയായി. 6,000 സൈനികരുടെ മൃതദേഹങ്ങൾ വീതം പരസ്പരം വിട്ടുനൽകും. കൈമാറ്റത്തിന്റെ ഭാഗമായി അതിർത്തിയിലെ നിശ്ചിത ഇടങ്ങളിൽ 2-3 ദിവസം വെടിനിറുത്താമെന്ന് റഷ്യ നിർദ്ദേശിച്ചു.

കഴിഞ്ഞ മാസം നടന്ന ഒന്നാം റൗണ്ട് ചർച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും 1000 തടവുകാരെ വീതം കൈമാറിയിരുന്നു. അതേസമയം, നിരുപാധിക വെടിനിറുത്തൽ റഷ്യ നിരസിച്ചു.

സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാദ്ധ്യതയും ചർച്ചയായി. റഷ്യയുടെ സമാധാന ഉടമ്പടിയുടെ കരട് കൈമാറിയെന്നും ഒരാഴ്ചയ്ക്കുള്ളിൽ തുടർ നടപടി സ്വീകരിക്കുമെന്നും യുക്രെയിൻ പറഞ്ഞു.