കാരോൾ നവ്‌റോസ്‌കി പോളണ്ടിന്റെ പ്രസിഡന്റാകും

Tuesday 03 June 2025 6:53 AM IST

വാർസോ: വലതുപക്ഷ നേതാവ് കാരോൾ നവ്‌റോസ്‌കി (42) പോളണ്ടിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 6ന് അധികാരമേൽക്കും. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ 50.89 ശതമാനം വോട്ട് നേടിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയായ നവ്‌റോസ്‌കിയുടെ ജയം. എതിരാളിയും വാർസോ മേയറുമായ റാഫൗ ഷസ്‌കോ‌വ്സ്‌‌കിയ്ക്ക് 49.11 ശതമാനം വോട്ട് ലഭിച്ചു.

അതേസമയം,​ പോളണ്ടിലെ യൂറോപ്യൻ യൂണിയൻ അനുകൂല സർക്കാരിന് കനത്ത തിരിച്ചടിയാണ് നവ്‌റോസ്‌കിയുടെ ജയം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്ന യൂറോപ്പിലെ കൺസർവേറ്റീവ് നേതാക്കൾ നവ്‌റോസ്‌കിയുടെ ജയത്തെ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ ലിബറൽ അജൻഡകൾ തടയിടാൻ നവ്‌റോസ്‌കി തന്റെ പ്രസിഡൻഷ്യൽ അധികാരങ്ങൾ പ്രയോഗിച്ചേക്കും. ടസ്കിന്റെ സിവിൽ പ്ലാറ്റ്ഫോം പാർട്ടി നേതാവാണ് റാഫൗ. മേയിൽ നടന്ന ഒന്നാം റൗണ്ട് വോട്ടിൽ മുന്നിലെത്തിയത് ഇദ്ദേഹമാണ്.

വലതുപക്ഷ പ്രതിപക്ഷ പാർട്ടിയായ ലോ ആൻഡ് ജസ്റ്റിസിന്റെ പിന്തുണയോടെ സ്വതന്ത്രനായാണ് നവ്‌റോസ്‌കി മത്സരിച്ചത്. ഒന്നാം റൗണ്ടിൽ റാഫൗവിനേക്കാൾ ഏറെ പിന്നിലായിരുന്ന നവ്‌റോസ്‌കിയുടെ അപ്രതീക്ഷിത ജയം സർക്കാരിനെ ഞെട്ടിച്ചു.

 സർക്കാരിന് തിരിച്ചടി

18 മാസം മുന്നേയാണ് ലോ ആൻഡ് ജസ്റ്റിസിന് അധികാരം നഷ്ടമായത്. ലോ ആൻഡ് ജസ്റ്റിസ് സർക്കാർ നടപ്പാക്കിയ ജുഡീഷ്യൽ പരിഷ്കരണങ്ങൾ പിൻവലിക്കാനാണ് പ്രധാനമന്ത്രി ടസ്ക് ശ്രമിക്കുന്നത്. എന്നാൽ, ലോ ആൻഡ് ജസ്റ്റിസിന്റെ പിന്തുണയോടെ പ്രസിഡന്റായ ആൻഡ്രെയ് ഡ്യൂഡ ഈ ശ്രമങ്ങൾക്ക് തടയിട്ടു. പരിഷ്കരണങ്ങൾ യൂറോപ്യൻ യൂണിയനുമായുള്ള പോളണ്ടിന്റെ ബന്ധം വഷളാക്കി.

ഡ്യൂഡയുടെ പിൻഗാമിയായി എത്തുന്ന നവ്‌റോസ്‌കിയും അതേ പാത പിന്തുടരുമെന്ന് കരുതുന്നു. പോളിഷ് പാർലമെന്റിനാണ് കൂടുതൽ അധികാരം. എന്നാൽ പ്രസിഡന്റിന് നിയമ നിർമ്മാണങ്ങൾക്കെതിരെ വീറ്റോ പ്രയോഗിക്കാം. ഇത് മറികടക്കാനുള്ള ഭൂരിപക്ഷം നിലവിലെ സർക്കാരിനില്ല.

# നവ്‌റോസ്‌കി - പുതുമുഖം

 ചരിത്രകാരൻ. മുൻ ബോക്സർ. രാഷ്ട്രീയത്തിൽ പുതുമുഖം

 ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ റിമെ‌ംബ്രൻസിന്റെ പ്രസിഡന്റ്

 പോളണ്ടിലെ രണ്ടാം ലോകമഹായുദ്ധ മ്യൂസിയത്തിന്റെ മുൻ ഡയറക്ടർ

 ഭാര്യ മാർത്ത. മൂന്ന് മക്കൾ