യു.എസിൽ ഇസ്രയേൽ അനുകൂലികൾക്ക് നേരെ ബോംബേറ്: 8 പേർക്ക് പരിക്ക്
ഡെൻവർ: യു.എസിലെ കൊളറാഡോയിലെ ബോൾഡറിൽ ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് ആക്രമണം. 8 പേർക്ക് പരിക്കേറ്റു. പാലസ്തീൻ അനുകൂലിയായ പ്രതി മുഹമ്മദ് സബ്രി സോലിമാനെ (45) പൊലീസ് പിടികൂടി. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.26ന്,ഗാസയിൽ ഹമാസിന്റെ പിടിയിൽ തുടരുന്ന ഇസ്രയേലി ബന്ദികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന റാലിക്ക് നേരെയായിരുന്നു ആക്രമണം. 'പാലസ്തീനെ മോചിപ്പിക്കൂ" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ പ്രതി ആളുകൾക്ക് നേരെ ഫയർ ബോംബുകൾ എറിയുകയായിരുന്നു. പ്രതിക്കും ആക്രമണത്തിനിടെ പൊള്ളലേറ്റു.
ഈജിപ്ഷ്യൻ പൗരനായ പ്രതി,വിസാ കാലാവധി കഴിഞ്ഞും യു.എസിൽ തുടരുകയായിരുന്നെന്നും മുൻ ഭരണകൂടമാണ് ജോലി തുടരാൻ ഇയാൾക്ക് അനുമതി നൽകിയതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് പറഞ്ഞ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
ജൂതന്മാർ ആയതിനാലാണ് ഇരകൾ ആക്രമിക്കപ്പെട്ടതെന്നും പ്രതിക്ക് യു.എസ് ഭരണകൂടം പരമാവധി ശിക്ഷ നൽകുമെന്ന് കരുതുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേ സമയം, യു.എസിൽ ജൂതന്മാർക്ക് നേരെ ആക്രമണം ഉയരുന്നതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡി.സിയിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥരെ പാലസ്തീൻ അനുകൂലി വെടിവച്ചു കൊന്നിരുന്നു.