മോദിയെ പ്രശംസിച്ച് മസ്കിന്റെ പിതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പിതാവ് എറൾ മസ്ക്. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തിയ വേളയിലാണ് മോദി "അതിശയകരമായ" നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യസ്ഥനിൽ ഇന്ത്യ തുടർച്ചയായി 'വിശ്വഗുരു' ആകാനുള്ള പടികൾ കയറുന്നുവെന്നും എറൾ പറഞ്ഞു. സെർവോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോർഡംഗമായി അടുത്തിടെയാണ് അദ്ദേഹം നിയമിതനായത്. ഈ കമ്പനിയുടെ ഭാഗമായാണ് ഇന്ത്യാ സന്ദർശനമെന്നാണ് റിപ്പോർട്ട്. അയോദ്ധ്യയിലെ രാമക്ഷേത്രവും അദ്ദേഹം സന്ദർശിക്കുമെന്നാണു വിവരം. സെർവോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ സഫിയാബാദിലുള്ള സെർവോടെക്കിന്റെ സോളർ, ഇവി ചാർജർ നിർമ്മാണ യൂണിറ്റും അദ്ദേഹം സന്ദർശിക്കും. അവിടെവച്ച് ഹരിയാനയിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എറൾ മസ്കിന്റെ പങ്കാളിത്തത്തിൽ ഒരു പ്ലാന്റേഷൻ ഡ്രൈവും കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യാ സന്ദർശനത്തിനുശേഷം എറൾ ദക്ഷിണാഫ്രിക്കയിലേക്കു പോകും.