ഗ്രേറ്റ തുൻബർഗ് ഗാസയിലേക്ക്
റോം: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയുടെ സഹായവുമായി ഗാസയിലേക്ക് കപ്പൽ പുറപ്പെട്ടു. 11 ആക്ടിവിസ്റ്റുകളാണ് ഗ്രേറ്റയ്ക്കൊപ്പമുള്ളത്. തെക്കൻ ഇറ്റലിയിലെ കാറ്റാനിയ തുറമുഖത്ത് നിന്ന് പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് മാഡ്ലീൻ എന്ന കപ്പലിലാണ് സംഘം പുറപ്പെട്ടത്.
ഫ്രീഡം ഫ്ലോറ്റില്ല കോളിഷൻ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റേതാണ് കപ്പൽ. ഏഴ് ദിവസം കൊണ്ട് ഗാസാ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ഇസ്രയേലിൽ ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നീക്കം. കപ്പലിലെ വസ്തുക്കൾ പരിമിതമാണെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന് പ്രചോദനമാകുമെന്നാണ് സംഘത്തിന്റെ പ്രതികരണം.
അതേ സമയം, സംഘത്തിന്റെ യാത്ര വിജയിക്കില്ലെന്നാണ് ഇസ്രയേൽ നേതാക്കൾ അടക്കം വിമർശിക്കുന്നത്. ഇസ്രയേലിന്റെ അനുമതിയില്ലാതെ ഇവർക്ക് സഹായ വിതരണം നടത്താനാകില്ല. നേരത്തെ ഇത്തരം ഗ്രൂപ്പുകളെ ഇസ്രയേൽ കടലിൽ വച്ച് തടഞ്ഞിരുന്നു.
ജൂണിൽ ഫ്രീഡം ഫ്ലോറ്റില്ല സമാന ദൗത്യത്തിന് ശ്രമിച്ചിരുന്നെങ്കിലും മെഡിറ്ററേനിയൻ കടലിൽ ഒരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതോടെ ശ്രമം ഉപേക്ഷിച്ചു. അതേ സമയം, ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയിൽ 24 മണിക്കൂറിനിടെ 51 പേർ കൊല്ലപ്പെട്ടു. ആകെ മരണം 54,460 കടന്നു.