രണ്ട് എസ് 400 വ്യോമ പ്രതിരോധ യൂണിറ്റുകൂടി കൈമാറുമെന്ന് റഷ്യ

Tuesday 03 June 2025 6:56 AM IST

ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് നൽകാൻ ശേഷിക്കുന്ന രണ്ട് എസ് 400 വ്യോമപ്രതിരോധ യൂണിറ്റുകൾ 2026ഒാടെ കൈമാറുമെന്ന് റഷ്യ അറിയിച്ചു. ഒാപ്പറേഷൻ സിന്ദൂറിൽ എസ് 400 നിർണായക പങ്കു വഹിച്ചെന്നും ഇന്ത്യയുമായുള്ള ഇടപാട് പൂർത്തിയാക്കാനുള്ള നീക്കത്തിലാണെന്നും ഡൽഹിയിലെ റഷ്യൻ മിഷൻ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്കിൻ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷത്തിൽ എസ് 400 വളരെ കാര്യക്ഷമമായി പ്രവർത്തിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിൽ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ നിർണായകമാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ. വ്യോമ പ്രതിരോധത്തിലും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളിലും കൂടുതൽ പങ്കാളിത്തമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.

അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണി തള്ളി 2018ലാണ് 39,000 കോടി രൂപയുടെ അഞ്ച് എസ് - 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്.