പ്രണയാഭ്യർത്ഥന നിരസിച്ചതിന് മലയാളി വിദ്യാർത്ഥിനിയെ തമിഴ്‌നാട്ടിൽ കുത്തിക്കൊന്നു

Tuesday 03 June 2025 8:44 AM IST

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ തമിഴ്‌നാട് സ്വദേശിയായ യുവാവ് വീട്ടിൽക്കയറി കുത്തികൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്ത് ഇന്നലെ രാവിലെ ആണ് സംഭവം. പൊൻമുത്തു നഗറിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ പ്രതി ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശി പ്രവീൺ കുമാർ പൊലീസിൽ കീഴടങ്ങി. അണ്ണാ മലയാർ നഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോയമ്പത്തൂരിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവർഷ ബിഎസ്‌‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു അഷ്‌വിക. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമിച്ച് കടന്ന് കൊല നടത്തിയത്. സഹോദരി സ്‌കൂളിലും പോയിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് കന്നുകളഞ്ഞ പ്രതി വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പെൺകുട്ടിയുടെ വീടിന് സമീപത്ത് പ്രതിയും കുടുംബവും അഞ്ച് വർഷത്തോളം താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീൺ കുട്ടിയുമായി പരിചയത്തിലായി. ഒരുവർഷം മുൻപ് ഇയാളും കുടുംബവും അണ്ണാ നഗറിലേയ്ക്ക് താമസം മാറിയിരുന്നു. പ്രവീൺ അഷ്‌വികയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുറേനാളായി ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും എന്നാൽ വിദ്യാർത്ഥിനി ഇത് നിരസിച്ചുവെന്നും പൊലീസ് പറഞ്ഞു.

കൊലയ്ക്ക് തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതുകണ്ട പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നാലെ ഇയാൾ കയ്യിലുണ്ടായിരുന്ന പേനാക്കത്തികൊണ്ട് അഷ്‌വികയെ ആക്രമിക്കുകയും അടുക്കളയിൽ കടന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലുമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.