മോഹൻലാൽ ആരെയും വഴക്കുപറയില്ല, ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കലാണ്; അന്ന് സംഭവിച്ചത്

Tuesday 03 June 2025 12:55 PM IST

നിർമാതാവായും നടനായുമൊക്കെ തിളങ്ങുന്ന വ്യക്തിയാണ് മണിയൻ പിള്ള രാജു. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പർസ്റ്റാറുകളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ഉള്ളത്. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പ്രത്യേകതകൾ തുറന്നുപറഞ്ഞിരിക്കുകയാണ് മണിയൻ പിള്ള രാജു.


'രണ്ടുപേരും വളരെ പോസിറ്റീവാണ്. ഒരാൾ ദേഷ്യപ്പെടും, കാര്യങ്ങൾ പറയും. പക്ഷേ ശുദ്ധനാണ്. മോഹൻലാലാണെങ്കിൽ ആരെയും വഴക്കുപറഞ്ഞിട്ടുമില്ല, ആരോടും ദേഷ്യവുമില്ല. നിങ്ങൾക്കൊന്ന് വഴക്കുപറഞ്ഞുകൂടേയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. നമുക്കാരെയും വാക്കുകൊണ്ട് പീഡിപ്പിക്കാൻ അവകാശമില്ലെന്നാണ് അപ്പോൾ മോഹൻലാൽ പറയുക.

എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും. മോഹൻലാലിനെ ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കലാണ്. അമേരിക്കയിൽ അക്കരെ അക്കരെ അക്കരെ എന്ന പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. അവിടെയൊരു ഫുഡ് ഷോപ്പുണ്ട്. ഞാൻ കഴിച്ചു, താൻ ഉച്ചയ്ക്ക് കഴിച്ചോളാമെന്ന് ലാൽ പറഞ്ഞു. ഹോട്ട് ഡോഗുപോലത്തെ സാധനമാണ്. രണ്ടെണ്ണം ഞാൻ പൊതിഞ്ഞെടുത്തു.

ഉച്ചയായപ്പോൾ ഫുഡ് വന്നില്ലല്ലോയെന്ന് പാർവതിയുടെ അമ്മ പറഞ്ഞു. വിശന്നിട്ട് വയ്യ. പാർവതിയും മോഹൻലാലുമുള്ള പാട്ടിന്റെ ഷൂട്ട് ഉണ്ട്. വിശപ്പ് സഹിക്കാൻ വയ്യെന്ന് പാർവതിയും പറഞ്ഞു. കണ്ണ് നിറഞ്ഞിരിക്കുന്നു. ഒട്ടുംവയ്യേ എന്ന് ചോദിച്ച്, എന്റെ കൈയിലൊരു സാധനമുണ്ടെന്ന് പറഞ്ഞ് നേരത്തെ വാങ്ങിയ ആ പാർസൽ അവർക്ക് കൊടുത്തു. പാർവതിയും അമ്മയും അത് കഴിച്ചു.

പത്ത് മിനിട്ട് കഴിഞ്ഞ് മോഹൻലാൽ വന്നു, നമുക്ക് ആ ഫുഡ് കഴിക്കാം, എടുക്കെന്ന് പറഞ്ഞു. അപ്പോൾ ഞാൻ കാര്യം പറഞ്ഞു. പുള്ളി അങ്ങ് നടന്നുപോയി. അന്ന് പ്രൊഡക്ഷനിൽ ഫുഡ് കൊണ്ടുവന്നിട്ടും പുള്ളി കഴിച്ചില്ല. അത് കഴിച്ചാൽ തനിക്ക് ദേഷ്യം വരുമെന്നും തന്റെ ദേഷ്യം സ്വയം കൺട്രോൾ ചെയ്യാമെന്നും ലാൽ പറഞ്ഞു.'- മണിയൻ പിള്ള രാജു വ്യക്തമാക്കി.