പത്തനംതിട്ടയിൽ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവം; സിഐയ്‌ക്ക് സസ്‌പെൻഷൻ

Tuesday 03 June 2025 4:47 PM IST

പത്തനംതിട്ട: കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ സർക്കിൾ ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയിലെടുത്തയാൾക്ക് മർദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി കെഎം സുരേഷിനെയാണ് പിന്നീട് കോന്നി പൊലീസ് സ്റ്റേഷൻ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി സുരേഷിനെ വിട്ടയച്ചു എന്നാണ് പൊലീസിന്റെ വിശദാകരണം. എന്നാൽ, നാല് ദിവസത്തിന് ശേഷം സുരേഷിനെ ഒരു തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും നടത്തിയിരുന്നില്ല.

എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സുരേഷിന്റെ ശരീരത്തിൽ വാരിയെല്ലിനടക്കം ക്ഷതവും ചൂരൽകൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. സുരേഷിന് മർദനമേറ്റതായി വ്യക്തമായിട്ടും പൊലീസ് അന്വേഷണം നടത്താൻ തയ്യാറായില്ല. പിന്നീട് സുരേഷിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വാർത്തകൾ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് സിഐയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കസ്റ്റഡി മർദനം, അന്യായമായി വാഹനം പിടിച്ചുവയ്‌ക്കൽ, മൊബൈൽ ഫോൺ പിടിച്ചുവയ്‌ക്കൽ എന്നീ മൂന്ന് കാര്യങ്ങൾ മുൻനിർത്തിയാണ് സിഐയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അഡീഷണൽ എസ്‌പി, ഡിഐജിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി.