വേതനം കിട്ടാതെ സ്‌കൂൾ പാചകത്തൊഴിലാളികൾ.... അന്നം നൽകിയവരുടെ വയറ്റത്തടിക്കരുതേ...
കോട്ടയം : കുറഞ്ഞ വേതനമാണെങ്കിലും സ്‌കൂൾ പാചകത്തൊഴിലാളികൾക്കത് അന്യമായിട്ട് രണ്ട് മാസമായി. 600 രൂപയാണ് ദിവസ വേതനം. ഒരു മാസം ശരാശരി 13,200 രൂപ. മദ്ധ്യവേനലവധിയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നു. ഇനിയെങ്കിലും കിട്ടാനുള്ള പണം തരുമോയെന്ന് ഇവർ സർക്കാരിനോട് കെഞ്ചുകയാണ്. വീട്ടുവാടക, ലോൺ തിരിച്ചടവ് തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നവരാണേറെയും. മരുന്നു വാങ്ങാൻ പോലും കടം വാങ്ങേണ്ട സ്ഥിതി. തൊഴിലാളികളിൽ പകുതിയിലേറെയും 60 പിന്നിട്ടവരാണ്, 85 കഴിഞ്ഞവർ വരെയുണ്ട്. 30 വർഷത്തിലധികമായി ഇതേ ജോലിയിൽ തുടരുന്നവരും. ഉച്ചക്കഞ്ഞിയുടെ സമയമാവുമ്പോൾ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും സ്‌കൂൾ കുട്ടികളെ ഓർത്താണ് പലരും എത്തുന്നത്. ഓണത്തിന് ബോണസുണ്ടെങ്കിലും തുച്ഛമായ തുകയാണ്. അവധിക്കാലത്തെ സമാശ്വസ തുക പോലും ലഭിച്ചിട്ടില്ല. 2023ൽ കേന്ദ്രസർക്കാർ അനുവദിച്ച 1000 രൂപ പോലും സംസ്ഥാനം പിടിച്ചുവച്ച ശേഷം 3000 രൂപ സംസ്ഥാന സർക്കാർ നൽകുന്നെന്ന രീതിയിലാണ് നൽകുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തെ ഈ തുകയായ 3000 രൂപയും ലഭിക്കാനുണ്ട്.
മറ്റ് ജോലികൾക്കും പോകാനാകാതെ ഒരു മാസത്തിൽ പരമാവധി 21 -22 പ്രവൃത്തിദിനങ്ങളാണുള്ളത്. ഉച്ചകഴിയും വരെ ജോലിയുള്ളതിനാൽ മറ്റ് ജോലികൾക്ക് പോയി അധികവരുമാനമുണ്ടാക്കാനും ഇവർക്ക് അവസരമില്ല. ഹെൽത്ത് കാർഡിനും അല്ലാതെ വർഷത്തിൽ രണ്ട് പ്രാവശ്യം നടത്തുന്ന ആരോഗ്യപരിശോധനയ്ക്കും സ്വന്തം കൈയിൽനിന്നാണ് പണം മുടക്കേണ്ടത്. സ്‌കൂളിലെ ഉച്ചഭക്ഷണ നടത്തിപ്പിനായി പ്രഥമാദ്ധ്യാപകർക്ക് അനുവദിക്കുന്ന തുകയും വൈകുകയാണ്. പലരും സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്. എല്ലാ ദിവസവും തോരൻ, ഒഴിച്ചുകറി എന്നിവയും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മുട്ട, പാൽ, ഏത്തയ്ക്ക എന്നിവയാണ് നൽകേണ്ടത്.
പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ സ്‌കൂൾ ജീവനക്കാരായി അംഗീകരിക്കണം പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ ശമ്പളം നൽകുക 150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുക ഉച്ചഭക്ഷണ പദ്ധതിക്ക് മതിയായ തുക അനുവദിക്കുക
''തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. യഥാസമയം വേതനം ലഭിക്കുന്നതിനും, ആനുകൂല്യങ്ങളും ശമ്പള വർദ്ധനവും നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ഒറ്റയ്ക്ക് ഭക്ഷണമൊരുക്കുക പ്രയാസമായതിനാൽ പലരും സഹായിയെ വയ്‌ക്കുന്നുണ്ട്.
(ഓമന, പാചകത്തൊഴിലാളി)