വീണ്ടും മലയോരത്ത് വികസന ചൂളം വിളി

Wednesday 04 June 2025 12:20 AM IST

കോട്ടയം : രണ്ട് പതിറ്റാണ്ടിന് മേലുള്ള സ്വപ്ന പദ്ധതിയായ ശബരി റെയിൽപ്പാതയ്ക്ക് സർക്കാരുകൾ പച്ചക്കൊടി കാട്ടിയതോടെ വീണ്ടും പ്രതീക്ഷയിലാണ് മദ്ധ്യകേരളം. പദ്ധതി പ്രഖ്യാപിച്ചപ്പോഴുള്ളതിനേക്കാൾ ചെലവ് നാലിരട്ടിയിലേറെ വർദ്ധിച്ചു. 2002ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയ പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ചതിന് പിന്നാലെ പദ്ധതിയ്ക്ക് ജീവൻ വച്ചിരുന്നെങ്കിലും പന്നീട് ചെങ്ങന്നൂർ - പമ്പ പാതയെക്കുറിച്ചായി ചർച്ച. അങ്കമാലി മുതൽ തൊടുപുഴ വരെ 58 കിലോമീറ്റർ സ്ഥലമെടുപ്പിന് വേണ്ടി സാമൂഹ്യ ആഘാത പഠനം കഴിഞ്ഞിരുന്നു.

പാലായ്‌ക്കും വേണം കണക്ടിവിറ്റി

പാലാ : പദ്ധതി ആദ്യം വിഭാവനം ചെയ്തപ്പോഴുണ്ടായിരുന്ന പോലെ പാലാ നഗരപ്രദേശത്തേയ്ക്കും റെയിൽവേ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം. പിന്നീട് നടന്ന ഏരിയൽ സർവേ പ്രകാരമാണ് മേലമ്പാറ വഴിയാക്കിയത്. മേലമ്പാറ സ്റ്റേഷൻ ഉണ്ടായാൽ ഏറ്റുമാനൂർ, പിറവം റോഡ് സ്റ്റേഷനുകൾ പോലെ നിർജ്ജീവ അവസ്ഥയിലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റുമാനൂർ സ്വദേശികൾ പോലും കോട്ടയം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. നിലവിലെ സർവേ പ്രകാരം പാലായ്ക്ക് അടുത്ത സ്റ്റേഷൻ സൗകര്യം രാമപുരം എന്ന പേരിൽ തൊടുപുഴ റോഡിനോട് ചേർന്നു വരുന്ന പിഴക് സ്റ്റേഷനാണ്. റെയിൽവേ ചട്ടം അനുസരിച്ച് 10 കി.മീ അകലത്തിലാണ് സ്റ്റേഷനുകൾ നിശ്ചയിക്കുക. ഗ്രാമീണ സ്റ്റേഷനുകളിൽ പാസഞ്ചർ വണ്ടികൾ മാത്രമാണ് നിറുത്തുക, എക്സ്പ്രസിന് സ്റ്റോപ്പില്ല. പിഴക് വരെ കല്ലിട്ട് വർഷങ്ങൾക്ക് മുന്നേ അതിർത്തി തിരിച്ചിരുന്നു. കടനാട്, കരൂർ പഞ്ചായത്ത് മേഖലയിൽ ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് കല്ലിടീൽ നിറുത്തിവച്ചു.

പദ്ധതി പ്രഖ്യാപനം 1997 - 98

അങ്കമാലി - എരുമേലി : 116 കി.മീ

മദ്ധ്യകേരളം വളരും

ഇടുക്കിയെ ബന്ധിപ്പിച്ച് ട്രെയിനുകൾ. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ വികസനം

എരുമേലിയിൽ നിന്ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ 25 കിലോമീറ്റർ മാത്രം

ശബരിമലയ്ക്കും ഭരണങ്ങാനം അൽഫോൺസാ തീർത്ഥാടന കേന്ദ്രത്തിനും ഗുണം

വിനോദസഞ്ചാരം, പ്ലൈവുഡ്, സുഗന്ധവ്യഞ്ജന ചരക്ക് നീക്കം എന്നിവയിൽ കുതിപ്പ്‌