നന്ദിയോട് - തോട്ടുമുക്ക് റോഡ് നവീകരണത്തിന് പുതിയ ടെൻഡർ പഴയ കരാറുകാരനെ പിരിച്ചുവിട്ടു

Wednesday 04 June 2025 1:26 AM IST

പാലോട്: നന്ദിയോട് - ആലംപാറ - തോട്ടുമുക്ക് റോഡ് നിർമ്മാണത്തിനായി നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട്,​ പുതിയ ടെൻഡർ നടപടികൾക്ക് തുടക്കമിട്ടതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.

1230 മീറ്റർ റോഡ് നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ റോഡിൽ മെറ്റൽ നിരത്തി കരാറുകാരൻ മുങ്ങി. മഴക്കാലമായതോടെ മെറ്റൽ ഇളകിമാറി കാൽനടയാത്രപോലും ദുഷ്കരമായി. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി.

റിസ്ക് ആൻഡ് കോസ്റ്റിൽ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനിയർ കരാറുകാരന് കത്ത് നൽകിയിരുന്നു. തുടർന്ന് മൂന്ന് മാസത്തെ സാവകാശം തേടിയിരിക്കുകയാണ് കരാറുകാരൻ.ഇതിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. നന്ദിയോട് പഞ്ചായത്തിലെ താന്നിമൂട്, ആലംപാറ, മീൻമുട്ടി, പാലുവള്ളി വാർഡുകളിലുള്ള ഒട്ടേറെ ആളുകളുടെ പ്രധാന ആശ്രയമാണ് ഈ റോഡ്.

നിർമ്മാണം ആരംഭിച്ചത് - 2024 സെപ്തംബർ 24ന്

അനുവദിച്ചിരുന്ന ഫണ്ട് - 25 ലക്ഷം രൂപ (എം.എൽ.എ ഫണ്ട്)​

പാലിക്കാത്ത ഉത്തരവുകൾ

ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആലംപാറ - തോട്ടുമുക്ക് റോഡ്. പ്രധാനമന്ത്രി സഡക് യോജന പദ്ധതിപ്രകാരം റോഡ് നവീകരിച്ചെങ്കിലും ജലഅതോറിട്ടി കുടിവെള്ള പദ്ധതിക്കായി പൈപ്പിടൽ തുടങ്ങിയതോടെ റോഡുകൾ തകർന്നു. പൈപ്പിടൽ ജോലി കഴിഞ്ഞാൽ റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്ന എഗ്രിമെന്റുണ്ടെങ്കിലും കരാറുകാരൻ ഇതു പാലിക്കാറില്ല. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരാറുകാർക്ക് ബില്ല് മാറിക്കൊടുക്കുന്നതോടെ വ്യവസ്ഥ പാലിക്കാതെ ഇവർ മുങ്ങുകയാണ് പതിവ്.

ബി.ജെ.പി പദയാത്ര

ആലംപാറ തോട്ടുമുക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നന്ദിയോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംപാറ വാർഡ് മെമ്പർ നന്ദിയോട് രാജേഷ് നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. രാവിലെ 10ന് തോട്ടുമുക്കിൽ നിന്നാരംഭിച്ച് നന്ദിയോട്ട് സമാപിക്കും.സമാപന സമ്മേളനം ആലംപാറ വിളവീട് നടയിൽ ബി.ജെ.പി തിരു.നോർത്ത് ജില്ലാപ്രസിഡന്റ് എസ്.ആർ.രജികുമാർ ഉദ്ഘാടനം ചെയ്യും