സി.ജി. മണിയുടെ ദേഹവിയോഗം: ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം
ഗുരുദേവഭക്തനും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കർമ്മസാരഥികളിൽ ഒരാളുമായിരുന്ന സി.ജി. മണിയുടെ ദേഹവിയോഗം ശ്രീനാരായണ പ്രസ്ഥാനത്തിനു സംഭവിച്ച തീരാനഷ്ടമാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ശാഖാതലം മുതൽ പ്രവർത്തിച്ചുവന്ന സി.ജി. മണി കേരളത്തിൽ വ്യാപകമായും പാലക്കാട് ജില്ലയിൽ പ്രത്യേകിച്ചും നിർവഹിച്ച ഗുരുദേവ സന്ദേശ പ്രചാരണം അതുല്യമാണ്. ഗുരുധർമ്മ പ്രചാരണ സഭയുടെ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ശിവഗിരി മഠം കേന്ദ്രസമിതി അംഗം എന്ന നിലകളിൽ മഹത്തായ സംഭാവനകളാണ് അദ്ദേഹം നിർവഹിച്ചത്.
ഗുരുധർമ്മ പ്രചാരണ സഭയുടെ ആസ്ഥാനമന്ദിരം പണിയുവാൻ പാലക്കാട് ജില്ലയിൽ സ്ഥലം സമ്പാദിച്ചതും അവിടെ ആസ്ഥാന മന്ദിരം പണിതതും ചിന്തിക്കുമ്പോൾ ആ സ്ഥാപനം സി.ജി. മണിയുടെ സ്മാരകമന്ദിരം കൂടിയാണ്. ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ശിവഗിരി തീർത്ഥാടന പ്രസ്ഥാനവും വ്യാപകമായി പ്രചരിപ്പിക്കാനും ഗുരുദേവ കൃതികളെയും ഗുരുദേവദർശനത്തെയും ആസ്പദമാക്കി നൂറുകണക്കിന് സമ്മേളനങ്ങൾ അദ്ദേഹം നടത്തി. ഞാൻ ഉൾപ്പെടെ ശിവഗിരി മഠത്തിലെ സന്യാസിമാരെ കൂട്ടിക്കൊണ്ടുപോയി ജില്ലയിലുടനീളം പ്രാർത്ഥനായോഗങ്ങളു നടത്തുന്നതിനും, ഗൃഹങ്ങൾ തോറും ഗുരുദേവകൃതികളും ഗുരുദേവ ചിത്രങ്ങളും പ്രാർത്ഥനകളും എത്തിക്കുന്നതിനും നേതൃത്വം നൽകി.
ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനയജ്ഞം സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം. ആലത്തൂർ, മുണ്ടൂർ, കോയമ്പത്തൂർ, മംഗലംഡാം തുടങ്ങിയ കേന്ദ്രങ്ങളിൽ വലിയ ശ്രീനാരായണ ആത്മീയ യജ്ഞങ്ങൾ സംഘടിപ്പിച്ച് ഗുരുദർശനം പകർന്നു നൽകി. ഗുരുദേവൻ സ്ഥാപിച്ച പാലക്കാട് യാക്കര ക്ഷേത്രം തുടങ്ങി നിരവധി ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഈ ഉത്തമ ഗുരുദേവ ഭക്തന്റെ ആത്മചൈതന്യം ശ്രീനാരായണ ചൈതന്യത്തിൽ ലീനമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.