പരിയാരത്ത് നാടൻ തോക്ക് പിടികൂടി

Tuesday 03 June 2025 9:28 PM IST

കണ്ണൂർ: പരിയാരം കടന്നപ്പള്ളിയിൽ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെടുത്തു.കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കടപ്പള്ളി കള്ളാംതൊടിലെ സന്തോഷ്‌ എന്നയാളുടെ വീട്ടിൽ നിന്നുമാണ് പരിയാരം പൊലീസ് ലൈസൻസ് ഇല്ലാത്ത സിംഗിൾ ബാരൽ തോക്ക് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിയാരം എസ്.ഐ സി സനീതിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് തോക്ക് പിടിച്ചെടുത്തത്. പൊലീസിനെ കണ്ട വീട്ടുടമ സന്തോഷ്‌ ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരുടെ സാനിധ്യത്തിൽ വീട് തുറന്നാണ് പൊലീസ് പരിശോധന നടത്തിയത്. കാട്ട് പന്നിയെ വെടി വെക്കാൻ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ പലരും ലൈസൻസ് ഇല്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നതായി പരാതി ഉണ്ട്.നായാട്ടിന് ഉപയോഗിക്കുന്ന തോക്കായിരിക്കാം ഇതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട സന്തോഷിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.