ആർത്തിരമ്പി കടൽ; ആധി തിന്ന് തീരം -4 പണം വാരേണ്ട മഴക്കാലം;ബീച്ചുകൾക്ക് ഓഫ് സീസൺ

Tuesday 03 June 2025 9:42 PM IST

അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രമെന്ന നിലയിൽ വികസനപാതയിലാണ് സമീപകാലത്തായി കാസർകോടൻ തീരങ്ങൾ.

പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകളും മോടി പിടിപ്പിച്ച ബീച്ചുകളും ഫ്ളോട്ടിംഗ് ബ്രിഡ്ജുമൊക്കെയായി ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോഴാണ് കടലാക്രമണം തിരിച്ചടിയാകുന്നത്. ബീച്ചുകളിൽ ഭൂരിഭാഗവും കടലെടുത്തതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഇടിവുണ്ടാകുകയാണ്.ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട മഴക്കാലം ടൂറിസത്തിന് 'ഓഫ് സീസൺ' ആകുന്ന അനുഭവമാണ് ഇവിടെ.

നിലവിൽ ബേക്കൽ കോട്ടയിലും ബേക്കൽ ബീച്ച് പാർക്കിലും എത്തുന്ന ടൂറിസ്റ്റുകൾ കടലാക്രമണം രൂക്ഷമായതിനാൽ മനോഹരമായ മറ്റ് തീരങ്ങളെ പരിഗണിക്കുന്നതേയില്ല.ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ബി.ആർ.ഡി.സി ഗ്ലോബൽ ടെൻഡറിലൂടെയാണ് ഉദുമ പടിഞ്ഞാറെ ലളിത്,​ ഉദുമ കാപ്പിൽ ബീച്ചിലെ താജ്, മലാംകുന്നിലെ താജ് ഗേറ്റ് വേ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ സ്ഥാപിച്ചത്. പാലക്കുന്നിലെ ബേക്കൽ പാലസും ടൂറിസ്റ്റുകൾക്ക് വലിയ സൗകര്യം ഒരുക്കുന്ന ഹോട്ടലാണ്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾ ബീച്ചുകൾ കാണാൻ വലിയ താല്പര്യം കാണിക്കാറുണ്ട്. ബി.ആർ.ഡി.സിയുടെ ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും തൃക്കണ്ണാട് ബേക്കാച്ചി ബീച്ച് പാർക്കും ഹോസ്ദുർഗ് കടപ്പുറത്തെ കൈറ്റ് ബീച്ച് പാർക്കും കണ്വതീർത്ഥയിലെ ബീച്ചും ഏറെ ആകർഷകമാണ്.

ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ബീച്ച് ടൂറിസം പദ്ധതി വരുന്ന കണ്വതീർത്ഥ കടപ്പുറത്തടക്കം കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. കടലാക്രമണം തടഞ്ഞില്ലെങ്കിൽ കോടികളുടെ പദ്ധതിയാണ് ഇവിടെ വെള്ളത്തിലാകുന്നത്. ചെമ്പിരിക്ക കീഴൂർ കടപ്പുറത്ത് ബീച്ച് ടൂറിസം പദ്ധതി നടപ്പിലാക്കാൻ 50 സെന്റ് സ്ഥലം ഡി.ടി.പി.സിക്ക് കൈമാറിയിട്ടുണ്ട്. ഇവിടെയും കടലാക്രമണം രൂക്ഷമാണ് . ബേക്കൽ കോട്ടയുടെ പിറകുഭാഗത്തായി ക്രസന്റ് ബീച്ച് ടൂറിസം പദ്ധതിക്കായി ഡി.ടി.പി.സി 50 സെന്റ് സ്ഥലം നാളുകൾക്ക് മുമ്പെ കൈമാറിയതാണ്. ബേക്കൽ കോട്ടയുടെയും കോടി കടപ്പുറത്തിന്റെയും ഇടയിൽ വരുന്ന ഈ തീരം തൃക്കണ്ണാട് പോലെ രൂക്ഷമായ കടലാക്രമണ മേഖലയാണ്.

അതെ സമയം അഴിത്തല ബീച്ചിൽ കാര്യങ്ങൾ മറിച്ചാണ്. ഇവിടെ കരഭൂമിയുടെ അളവ് വർദ്ധിക്കുകയാണ്. അഴീത്തലയിൽ അടിസ്ഥാനസൗകര്യം ഒരുക്കാൻ ടൂറിസം വകുപ്പ് രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. പുലിമുട്ടും അഴിമുഖവും അടുത്തടുത്തായതാണ് ഇവിടെ മണൽത്തിട്ട രൂപപ്പെടാൻ വഴിയൊരുക്കുന്നത്.

തീരദേശ ഹൈവേക്കും തിരിച്ചടി

കാസർകോട് കീഴൂർ കടപ്പുറത്ത് നിന്നും ആരംഭിക്കുന്ന തീരദേശ ഹൈവേക്ക് വേണ്ടി കൊപ്പൽ, കാപ്പിൽ, കൊവ്വൽ, ജന്മ കടപ്പുറങ്ങളിൽ രണ്ട് വർഷം മുമ്പ് അടിച്ച കുറ്റികൾ ഒലിച്ചുപോയി. അവശേഷിക്കുന്നവ ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. തീരദേശ ഹൈവേയുടെ റൂട്ടിന് പുതിയ അലൈൻമെന്റ് ഉണ്ടാക്കേണ്ടിവരും. തീരദേശ ഹൈവേക്ക് വേണ്ടി ഏറ്റെടുക്കാൻ ഭൂമി ഇല്ലാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. .

കാലവർഷം ആരംഭിക്കുമ്പോൾ കടലാക്രമണം രൂക്ഷമാകുന്നത് താൽക്കാലികമായെങ്കിലും ടൂറിസത്തെ ബാധിക്കും. മഴ ആസ്വാദിക്കാൻ കേരളത്തിൽ ആളുകൾ എത്തുന്നുണ്ട്. തീരദേശ സംരക്ഷണത്തിന് അടിയന്തിരനടപടികൾ ഉണ്ടാകണം.

ഷിജിൻ പറമ്പത്ത്

(മാനേജിംഗ് ഡയറക്ടർ ബി. ആർ. ഡി. സി )