പറപറന്ന് കോഴി ഇറച്ചി വില

Wednesday 04 June 2025 1:52 AM IST

ആറ്റിങ്ങൽ: കടൽ മത്സ്യങ്ങൾക്ക് വീട്ടുകാർ വിലക്ക് ഏർപ്പെടുത്തിയതോടെ കോഴിയിറച്ചി വില ഉയർന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒരു കിലോ കോഴിയിറച്ചിക്ക് 50 രൂപ വരെയാണ് കൂടിയത്. ഇറച്ചി വില ഇപ്പോൾ കിലോയ്ക്ക് 250 രൂപയാണ്. ലൈവ് 155 രൂപയും.നാടൻ കോഴി ലൈവ് 230, ഇറച്ചി വില 360 രൂപയുമായി. ടർക്കി കോഴി ലൈവ് 250 ആണ്. കോഴിവില ഇനിയും കൂടുമെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. വില വർദ്ധനയ്ക്ക് പുറമെ സ്റ്റോക്കും കുറഞ്ഞിട്ടുണ്ട്. അതിനാൽ ഉച്ച കഴിഞ്ഞാൽ പല ഇറച്ചിക്കടകളിലും സ്റ്റോക്ക് ഉണ്ടാകാറില്ല.

തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചിക്കോഴി കൂടുതലും എത്തുന്നത്. കേരളത്തിൽ കോഴിഫാമുകൾ ഉണ്ടെങ്കിലും പരിപാലന ചെലവ് കൂടുതലായതിനാൽ ഉത്പാദനം കുറവാണ്.

മുട്ട വിലയും കൂടി

കോഴിമുട്ടയുടെ വില 5 രൂപയിൽ നിന്ന് കൂടി ഇപ്പോൾ 6.50രൂപയിലെത്തി. കടലിൽ കണ്ടെയ്നർ വീണ ശേഷമാണ് വീടുകളിലെ അടുക്കളയിൽ നിന്ന് മത്സ്യം ഒഴിവാക്കിയത്. എന്നാൽ മീൻ കഴിക്കുന്നതിൽ യാതൊരു ആരോഗ്യ പ്രശ്നവും ഇല്ലെന്ന് അധികൃതർ അറിയിച്ചിട്ടും നാട്ടുകാരേറെയും അത് വിശ്വാസത്തിലെടുത്തിട്ടില്ല.