സ്‌കൂൾ തുറന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷം, പാത നിർമ്മാണം പാളി
തൃശൂർ: സ്‌കൂൾ തുറക്കും മുൻപേ കോൺക്രീറ്റിംഗ് പൂർത്തിയാക്കാൻ ശ്രമിച്ചിട്ടും ഇഴഞ്ഞു നീങ്ങുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത നിർമ്മാണം,അടിപ്പാത നിർമ്മാണത്തിൽ കുരുക്കുന്ന ദേശീയപാത,നടപ്പാതകളില്ലാത്ത നഗരവഴികൾ....വിദ്യാർത്ഥികളെ വഴിയിൽ കുരുക്കി 'പാഠം പഠിപ്പിക്കുക'യാണ് അധികൃതർ. നിലവിൽ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിർമ്മാണ നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) ജോലികൾ വെളളത്തിൽ മുങ്ങിയ അവസ്ഥയാണ്. നിർമ്മാണം മൂലം സ്‌കൂൾ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. പൂങ്കുന്നം മുതൽ പുഴയ്ക്കൽ പുതിയ പാലം വരെ മൂന്നിടങ്ങളിലായി കലുങ്ക് നിർമാണവും പുഴയ്ക്കൽ പുതിയ പാലം മുതൽ മുതുവറ സെന്റർ വരെ ഒരു ഭാഗത്തെ കോൺക്രീറ്റ് റോഡ് നിർമാണവുമാണ് നടക്കുന്നത്. പുതിയ പാലത്തിനോടു ചേർന്നുള്ള തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലും റോഡ് നവീകരണം നടക്കുന്നുണ്ട്. പൂങ്കുന്നം ഭാഗത്തെ ജോലികൾക്കായി ഗതാഗതം അയ്യന്തോളിലൂടെ തിരിച്ചുവിട്ടിട്ടുണ്ടെങ്കിലും പുഴയ്ക്കലിലെത്തുമ്പോൾ കുരുക്ക് മുറുകുകയാണ്.
മഴയിൽ പണി പാളും
പുഴയ്ക്കൽ പാടത്ത് വെള്ളം കയറിയതോടെ പൂങ്കുന്നം-പുഴയ്ക്കൽ ഭാഗത്തെ കലുങ്ക് നിർമാണം പ്രതിസന്ധിയിലായി. താണിക്കുടംപുഴ ശോഭാ സിറ്റിക്ക് സമീപത്ത് പുഴയ്ക്കൽ പുഴയുമായി ചേരുന്ന ഭാഗത്ത് ബണ്ടിന്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിൽ വെള്ളം കയറി തകരാൻ സാദ്ധ്യതയുള്ള 3.65 കിലോമീറ്ററിൽ കോൺക്രീറ്റിംഗും മറ്റിടങ്ങളിൽ ബിറ്റുമിൻ മെക്കാഡം ടാറിംഗുമാണ്.
നഗരത്തിലും പാളിയ പണികൾ
നഗരത്തിലെ നടപ്പാതയിൽ വിരിച്ച ടൈൽസുകളിൽ പലതും തകർന്ന അവസ്ഥയാണ്. ഭൂരുഭാഗം വഴിയോരക്കച്ചവടവും നടപ്പാത കയ്യേറിയാണ്. കുറുപ്പം റോഡിൽ യാത്രക്കാർക്ക് നടപ്പാതയില്ലാത്ത അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളിൽ സമപ്രതലമല്ലാതെ റോഡ് പണിഞ്ഞതിന്റെ അവശിഷ്ടങ്ങളും ഉള്ളതിനാൽ കാൽനടയാത്രക്കാർക്ക് റോഡിൽ നിന്ന് ഇറങ്ങി നടക്കാനുമാവില്ല. പൊട്ടി പൊളിഞ്ഞ പാറമേക്കാവ് റോഡ് തൃശൂർ പൂരത്തോടനുബന്ധിച്ച് ടാർ ചെയ്‌തെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി. റോഡ് മുറിച്ച് കടക്കാൻ സീബ്ര ക്രോസിലും വിദ്യാർത്ഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്.
ദൂരം: പാറമേക്കാവ് ജംഗ്ഷൻ കല്ലുംപുറം 33.24 കി.മീ. 4 റീച്ചുകൾ: പാറമേക്കാവ്–പുഴയ്ക്കൽ. പുഴയ്ക്കൽ–മഴുവഞ്ചേരി മഴുവഞ്ചേരി–ചൂണ്ടൽ
ചൂണ്ടൽകല്ലുംപുറം 3 പാലങ്ങൾ 28 കലുങ്കുകൾ 20 കി.മീ കാന നിർമ്മാണച്ചെലവ്: 144 കോടി