അങ്കണവാടിയിൽ കളക്ടറെത്തി, കളറായി പ്രവേശനോത്സവം
വടക്കാഞ്ചേരി: കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളുമായി കളക്ടർ എത്തിയപ്പോൾ തെക്കുംകര പഞ്ചായത്തിലെ മങ്കര, കരുമത്ര അങ്കണവാടികളിൽ നടന്ന പ്രവേശനോത്സവം ഇരട്ടിമധുരവും മറക്കാനാകാത്ത അനുഭവവുമായി. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് കളക്ടർ മങ്കര അങ്കണവാടിയിലെത്തിയത്. 16 കുട്ടികളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഗ്രാമത്തിലെ അങ്കണവാടിയിലേക്ക് കളക്ടർ നേരിട്ടെത്തുകയും ആഘോഷത്തിന് നേതൃത്വം നൽകുകയും ചെയ്തപ്പോൾ കുട്ടികൾക്ക് ആഹ്ലാദം വാനോളമായി. ശിശുദിനത്തിൽ കളക്ടറേറ്റിലെത്തി കളക്ടറുമായി സംവദിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത കുരുന്നുകളെ കാണാനാണ് കളക്ടർ എത്തിയത്. കുട്ടികൾക്ക് ഒപ്പമിരുന്ന് ഫോട്ടോയെടുക്കാനും അദ്ദേഹം മറന്നില്ല. കുട്ടികൾക്ക് കൈനിറയെ മധുരമിട്ടായികളും പഠനോപകരണങ്ങളും നൽകി. ചടങ്ങിനെത്തിയ ഏതാനും മുതിർന്നവർക്കും സമ്മാനങ്ങൾ ലഭിച്ചു. മങ്കര അങ്കണവാടി ലൈബ്രറിയിലേക്ക് അദ്ദേഹം പുസ്തകങ്ങൾ കൈമാറി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'വാ വായിക്കാം' പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി നടത്തിപ്പ്. തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി അദ്ധ്യക്ഷയായി. മെമ്പർ ഐശ്വര്യ ഉണ്ണി, ഐ.സി.ഡി.എസ് ഓഫീസർ ബേബി കെ.കേളത്ത്, സൂപ്പർവൈസർ എം.കെ.ശോഭന, മുൻമെമ്പർ രാജീവൻ തടത്തിൽ, അജിത രാജൻ, മങ്കര അങ്കണവാടി അദ്ധ്യാപിക കെ.എം.സുഹറ, കരുമത്ര അങ്കണവാടി അദ്ധ്യാപിക പ്രേമലത എന്നിവർ സംസാരിച്ചു.
അമ്മ അങ്കണവാടി അദ്ധ്യാപികയായതിനാൽ ചെറുപ്രായം മുതൽ അങ്കണവാടികളോട് വല്ലാത്തൊരു വൈകാരിക ബന്ധമുണ്ട്. ആ ഊർജ്ജമാണ് അങ്കണവാടികളെ ത്രി ജനറേഷൻ അങ്കണവാടികളാക്കി മാറ്റുന്നതിനു പിന്നിലുള്ള പ്രചോദനം. അർജുൻ പാണ്ഡ്യൻ (ജില്ലാ കളക്ടർ)