സർവകക്ഷി സംഘങ്ങൾ തിരികെയെത്തി തുടങ്ങി
അടുത്തയാഴ്ച മോദിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: ഭീകരതയ്‌ക്കതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘങ്ങൾ തിരികെയെത്തി തുടങ്ങി. ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങളിൽ ബി.ജെ.പി എം.പി ബയ്ജയന്ത് പാണ്ഡെ നയിച്ച സംഘവും ഡി.എം.കെയിലെ കനിമൊഴി നേതൃത്വം നൽകിയ സംഘവുമാണ് മടങ്ങിയെത്തിയത്. ബയ്ജയന്ത് പാണ്ഡെയുടെ സംഘത്തിലുണ്ടായിരുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി എം.പിക്ക് ഹൈദരാബാദിൽ വൻ സ്വീകരണമാണ് ലഭിച്ചത്. കനിമൊഴിക്ക് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി. ബാക്കി സംഘങ്ങൾ കൂടി തിരികെയെത്തുന്ന മുറയ്‌ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് സൂചന. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെയും സന്ദർശനത്തിന്റെ ഫലം സംബന്ധിച്ച് വിവരങ്ങൾ ധരിപ്പിക്കും.
ഉറച്ച് പ്രതിപക്ഷം
പഹൽഗാം ഭീകരാക്രമണവും, ഓപ്പറേഷൻ സിന്ദൂറും ഉൾപ്പെടെ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിലുറച്ച് 'ഇന്ത്യ' സഖ്യം. ഇന്നലെ ഡൽഹിയിൽ ചേർന്ന യോഗത്തിൽ 16 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട കത്തുമയച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, ദീപേന്ദർ ഹൂഡ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഒബ്രിയെൻ, സമാജ്‌വാദി പാർട്ടിയിലെ രാംഗോപാൽ യാദവ്, ആർ.ജെ.ഡിയിലെ മനോജ് ഝാ, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗട്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സി.പി.എം, സി.പി.ഐ, ആർ.എസ്.പി പാർട്ടികൾ കത്തിൽ ഒപ്പിട്ടു. ആംആദ്മി പാർട്ടി പ്രതിനിധികൾ യോഗത്തിനെത്തിയില്ല. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തൽ തുടങ്ങിയവയിൽ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ് പ്രധാനമന്ത്രിക്ക് കത്ത് നൽകി.